തിരുവനന്തപുരം. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യവും വർദ്ധിപ്പിക്കുന്നത് വിലക്കി മുഖ്യമന്ത്രി . ശനിയാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ വിഷയം അജണ്ടയാണെങ്കിലും തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിന് തടയിട്ടത്. ഇതോടെ ഈ സർക്കാറിന്റെ കാലത്ത് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കില്ലെന്ന് ഉറപ്പായി.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കണമെങ്കിൽ നിയമസഭയിൽ പ്രത്യേക ബില്ല് പാസാക്കേണ്ടതുണ്ട്. ഇത്തവണത്തെ സഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട ബില്ലുകൾ പരിഗണിച്ച ശനിയാഴ്ചത്തെ പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ജനപ്രതിനിധികളുടെ ശമ്പളം വർധിപ്പിക്കുന്ന ബില്ലും അജണ്ടയായിരുന്നു.
എന്നാൽ തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന കാലത്ത് ശമ്പളം വർദ്ധിപ്പിക്കുന്നത് ഗുണകരമാകില്ലെന്ന് ചൂണ്ടിക്കാട്ടി
മുഖ്യമന്ത്രി പിണറായി വിജയൻ മാറ്റിവെക്കാൻ നിർദ്ദേശം നൽകി.ശമ്പള വർദ്ധന സംബന്ധിച്ച ബിൽ കൊണ്ടുവരുന്നതിനോട്
യോജിക്കുമെന്ന് പ്രതിപക്ഷം സ്പീക്കറെ അറിയിച്ചിരുന്നു.രാഷ്ട്രീയ വിഷയങ്ങളിൽ പോരടിക്കുന്നതിനിടയിൽ ശമ്പളം കൂട്ടുന്ന കാര്യത്തിൽ കൈകോർത്താൽ അത് ജനങ്ങൾ സ്വീകരിക്കില്ലെന്ന് ആശങ്കയും തീരുമാനം മാറ്റിവെക്കാൻ മുഖ്യമന്ത്രിക്ക് പ്രേരണയായിട്ടുണ്ട്. സഭയുടെ നടപ്പ് സമ്മേളനത്തിലും ബിൽ കൊണ്ടു വരാത്തതിനാൽ ശമ്പള വർദ്ധനവിൽ തീരുമാനം ഉടൻ ഉണ്ടാകാൻ ഇടയില്ല. ഇനി ഇടക്കാല ബജറ്റ് സമ്മേളനം മാത്രമാണ് അവശേഷിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടക്കാൻ പോകുന്ന ആ സമ്മേളനത്തിലും എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പള വർദ്ധനവ് പരിഗണിക്കാൻ ഇടയില്ല. അതുകൊണ്ടുതന്നെ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ശമ്പള വർദ്ധനവ് നടത്തില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇതിനുമുമ്പ് 2018 ലാണ് സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിച്ചത് .

































