വിവാദങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി. ഇന്ന് രാവിലെ ആരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് രാഹുല്‍ സഭയില്‍ എത്തിയത്. വിവാദങ്ങള്‍ക്ക് ശേഷം പൊതുവേദികളില്‍ നിന്ന് വിട്ടുനിന്നിരുന്ന രാഹുല്‍, ഇന്ന് രാവിലെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് എല്ലാ സസ്പെന്‍സുകള്‍ക്കും വിരാമമിട്ടു. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം നിയമസഭയിലേക്ക് പ്രവേശിച്ചത്.
യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷെജീറിനൊപ്പമാണ് രാഹുൽ സഭയിലെത്തിയത്. ഇത് പാർട്ടി നിർദേശങ്ങൾക്ക് വിരുദ്ധമായി യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ സ്വീകരിച്ച നിലപാടായി വിലയിരുത്തപ്പെടുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ എതിർപ്പ് വകവയ്ക്കാതെയാണ് രാഹുൽ ഇപ്പോൾ സമ്മേളനത്തിൽ പങ്കെടുക്കാൻ നിയമസഭയിൽ എത്തിയത്.
































