അങ്കമാലിയിലെ സ്വകാര്യ ബസ് പണിമുടക്ക് അവസാനിച്ചു

Advertisement

അങ്കമാലി. സ്വകാര്യ ബസ് പണിമുടക്ക് അവസാനിച്ചു. വേതന വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികൾ നാല് ദിവസമായി നടത്തിവന്ന സമരം ജില്ലാ ലേബർ ഓഫീസർ നടത്തിയ ചർച്ചയെ തുടർന്നാണ് ഒത്തുതീർപ്പായത്. തൊഴിലാളികൾക്ക് 350 രൂപ കൂലി വർധന നൽകാമെന്ന തീരുമാനത്തിലാണ് സമരം അവസാനിച്ചത്. അങ്കമാലിയിൽ ഇന്നുമുതൽ ബസുകൾ സർവീസ് നടത്തും.

അങ്കമാലി,- കാലടി, അത്താണി, കൊരട്ടി മേഖകളിലെ സ്വകാര്യ ബസ് തൊഴിലാളികളാണ് വേതന വർധന ആവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി സമരം നടത്തിയിരുന്നത്. കാലാവധി കഴിഞ്ഞ കരാർ പുതുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സമരം ഒത്തുതീർപ്പാക്കുന്നതിനായി ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ബസ് തൊഴിലാളികളും ബസ് ഉടമകളുമായി അങ്കമാലി സി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമരം അവസാനിപ്പിച്ചത്. തൊഴിലാളികൾക്ക് 350 രൂപ വേതനം വർദ്ധിപ്പിക്കാം എന്ന് വ്യവസ്ഥയിലാണ് ചർച്ച ഒത്തുതീർപ്പായത്. രണ്ടുവർഷത്തേക്കാണ് കരാർ. ആദ്യ വർഷം 250 രൂപയുടെ വർദ്ധനവും, തൊട്ടടുത്ത വർഷം മുതൽ 100 രൂപയും അധികം നൽകും. സമരം ഒത്തുതീർപ്പായതിനെ തുടർന്ന് പ്രദേശത്ത് ബസുകൾ സർവീസ് ആരംഭിച്ചു.

200ൽ പരം ബസുകളിലെ 600 ഓളം ബസ് ജീവനക്കാരാണ് സമരം നടത്തി വന്നിരുന്നത്. 13 വർഷമായി വിദ്യാർത്ഥികളുടെ ഒരു രൂപ മിനിമം ചാർജ് എന്നത് വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഈയൊരു സാഹചര്യത്തിൽ കൂലി വർദ്ധന ഒരു പരിധിയിൽ കൂടുതൽ അനുവദിക്കാനാവാത്ത സാഹചര്യമാണ് ഉള്ളതെന്നും ബസ് ഉടമകൾ പറഞ്ഞിരുന്നു. സമരം ഒത്തു തീർപ്പിൽ ആയതോടെ പ്രദേശത്തെ ജനങ്ങൾ അനുഭവിച്ചിരുന്ന വലിയ യാത്ര ദുരിതത്തിനാണ് പരിഹാരമായിരിക്കുന്നത്.

Advertisement