പത്തനംതിട്ട: ആന്താലിമണ്ണില്‍ യുവാക്കളെ കെട്ടിത്തൂക്കിയിട്ട ശേഷം ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റാന്നി സ്വദേശിയെയും ആലപ്പുഴ സ്വദേശിയെയുമാണ് ദമ്പതികളായ ജയേഷും രശ്മിയും മര്‍ദ്ദിച്ചത്. ഇതില്‍ റാന്നി സ്വദേശിയുമായി രശ്മിക്ക് അവിഹിത ബന്ധമുണ്ടെന്ന് ജയേഷ് സംശയിച്ചിരുന്നതായാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രശ്മിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ യുവാവിന്റെ ഫോണിലുണ്ടെന്നും ജയേഷ് സംശയിച്ചിരുന്നു. ഈ സംശയമാണ് ക്രൂരമായ ആക്രമണത്തിലേക്ക് എത്തിച്ചത്.
യുവാവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷമായിരുന്നു ആക്രമണം. ഷാളുപയോഗിച്ച് കൈയ്യും കാലും കെട്ടുകയും പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിത്തൂക്കുകയുമായിരുന്നു. പിന്നാലെ ഇരുമ്പുവടികൊണ്ട് അടിക്കുകയും സൈക്കിള്‍ ചെയിന്‍ കൈയില്‍ചുരുട്ടി നെഞ്ചില്‍ ഇടിക്കുകയും ചെയ്തതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദ്ദനമേറ്റ് അവശനായ യുവാവിനോട് തന്റെ കാമുകിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചതാണെന്ന് പുറത്തുപറയണമെന്നാണ് ജയേഷ് പറഞ്ഞത്. ഇതാണ് മര്‍ദ്ദനത്തിനിരയായ യുവാവ് ആദ്യം പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിലൂടെ പൊലീസ് സത്യം പുറത്തുകൊണ്ടുവരികയായിരുന്നു. യുവാവിന്റെ കാമുകിയെ ജയേഷും രശ്മിയും നേരത്തേ കാണുകയും പൊലീസ് വന്നാല്‍ ബന്ധുക്കള്‍ മര്‍ദിച്ചതായി പറയണമെന്നും പറഞ്ഞു. ഇതാണ് പ്രതികളെ കുടുക്കിയത്. കാമുകിയില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.
































