വാദം തെറ്റ്, പഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് വെട്ടിലായി ആരോഗ്യമന്ത്രി; പ്രബന്ധം പ്രസിദ്ധീകരിച്ചത് ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത്

Advertisement

തിരുവനന്തപുരം: കിണര്‍ വെള്ളത്തിൽ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപ്പെടുന്നുവെന്ന ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ വാദം തെറ്റെന്ന് ആരോഗ്യവിദഗ്ധര്‍. ആരോഗ്യമന്ത്രി ചൂണ്ടികാട്ടിയ ഗവേഷണ പ്രബന്ധം 2018ൽ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് പ്രസിദ്ധീകരിച്ചതെന്നാണ് കണ്ടെത്തൽ. പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച തീയതിയടക്കം പങ്കുവെച്ചാണ് ആരോഗ്യമന്ത്രിയുടെ പിഴവ് ചൂണ്ടികാട്ടി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയത്.

കിണർ വെള്ളത്തിൽ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപ്പെടുന്നുവെന്ന് 2013ൽ തന്നെ കണ്ടെത്തിയിരുന്നു എന്നായിരുന്നു ആരോഗ്യമന്തിയുടെ വാദം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ പഠന റിപ്പോർട്ട് പങ്കുവെച്ചായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം ഈയൊരു വാദം ഉയർത്തിയത്. പഠനറിപ്പോർട്ടിൽ അന്നത്തെ ഉമ്മൻചാണ്ടി സര്‍ക്കാരിന് കീഴിലെ ആരോഗ്യവകുപ്പ് ഒന്നും ചെയ്തില്ലെന്നും വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, കെകെ ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. അതൊടൊപ്പം മന്ത്രി വീണ ജോര്‍ജ് പറഞ്ഞതുപോലെ റിപ്പോര്‍ട്ട് അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടതല്ലെന്നും കോര്‍ണിയ അള്‍സറുമായി ബന്ധപ്പെട്ടാണെന്നുമാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പ്രസിദ്ധീകരണ തീയതി ഉള്‍പ്പെടുത്താതെയായിരുന്നു മന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പങ്കുവെച്ചത്.

Advertisement