രാഹുല്‍ പങ്കെടുത്താല്‍ പ്രതിപക്ഷത്തെ ശൗര്യം ചോരും,കാരണം ഇത്

Advertisement

തിരുവനന്തപുരം.നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുമോ എന്നതിൽ രാഷ്ട്രീയ ആകാംക്ഷ തുടരുന്നു. രാഹുൽ പങ്കെടുക്കേണ്ടതില്ലെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്. എന്നാൽ അന്തിമ തീരുമാനം രാഹുൽ തന്നെയാവും സ്വീകരിക്കുക.

തുടർച്ചയായി പുറത്തുവരുന്ന പൊലീസ് മർദ്ദനങ്ങളിൽ സഭ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ ഉണ്ടെങ്കിൽ ഇത്തരം വിഷയങ്ങളിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കും എന്നാണ് വി ഡി സതീശൻ പക്ഷത്തിന്റെ നിലപാട്. അതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതില്ല എന്നതാണ് കോൺഗ്രസിലെ ഭൂരിപക്ഷാഭിപ്രായം. രാഹുലിനെ അനുകൂലിക്കുന്ന നേതാക്കൾക്കും ഇതേ അഭിപ്രായമാണ്. നിയമസഭയിൽ എത്തേണ്ടതില്ലെന്ന് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തിലിനെ അറിയിച്ചു. എന്നാൽ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുൽ തന്നെയാണ്. സസ്പെൻഷൻ വിവരം സ്പീക്കറെ അറിയിച്ച പശ്ചാത്തലത്തിൽ പാർട്ടി നിർദ്ദേശം രാഹുലിന് അനുസരിക്കേണ്ടതില്ല. എന്നാൽ കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കി സഭയിലെത്തില്ലെന്ന് രാഹുൽ നേതാക്കളെ അറിയിച്ചെന്നാണ് വിവരം. എങ്കിലും വിഷയത്തിൽ അവസാനം വരെ സസ്പെൻസ് തുടരും. അതിനിടെ കോൺഗ്രസിലെ സൈബർ യുദ്ധം തുടരുകയാണ്. രാഹുലിന്റെ സഭാ പ്രാതിനിധ്യത്തെ ചൊല്ലിയാണ് പുതിയ തർക്കം. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തണമെന്ന് ഒരു വിഭാഗം പറയുന്നു. എന്നാൽ ഉയർന്നുവന്ന് ആരോപണങ്ങളിൽ വ്യക്തത വരുത്തിയശേഷം സഭാ സമ്മേളനത്തിൽ പങ്കെടുത്താൽ മതി എന്നാണ് ചില കോൺഗ്രസ് അനുകൂല ഫേസ്ബുക്ക് പേജുകളിലെ ചർച്ച.

Advertisement