ആലപ്പുഴ : തെറ്റ് തിരുത്തിയില്ലെങ്കില്‍ കെ ഇ ഇസ്മയില്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇസ്മയിലിന് മുന്നില്‍ വാതില്‍ അടയ്ക്കില്ലെന്നും പക്ഷെ അത് അകത്ത് കയറ്റലല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
‘വേദിയിലിരിക്കാന്‍ കെ ഇ ഇസ്മയിലിന് യോഗ്യതയില്ല. ഇസ്മയിലിന് ഒപ്പം പന്ന്യന്‍ രവീന്ദ്രനും സി ദിവാകരനും ഒഴിവായി. പക്ഷെ അവര്‍ ഇവിടെയുണ്ട്. കെ ഇ ഇസ്മയില്‍ അങ്ങനെയല്ല. അദ്ദേഹം തുടര്‍ച്ചയായി പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയാണ്. ഞാന്‍ നേരിട്ട് പോയി അദ്ദേഹത്തെ കണ്ടിരുന്നു. പക്ഷെ ഫലമുണ്ടായില്ല. കെ ഇ ഇസ്മയില്‍ മാത്രമല്ല പാര്‍ട്ടി ഉണ്ടാക്കിയത്. എകെജി അടക്കം ഒരുപാട് പേര്‍ ചോര നല്‍കിയതാണ് ഈ പാര്‍ട്ടി’: ബിനോയ് വിശ്വം പറഞ്ഞു.
ജീവിതകാലം മുഴുവൻ പാർട്ടിയിൽ പ്രവർത്തിച്ചിട്ടും തന്നെ വിലക്കിയതിൽ ദുഃഖമുണ്ടെന്നും താൻ ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റായിരിക്കുമെന്നും കെ ഇ ഇസ്മയിൽ പറഞ്ഞു. ‘പാർട്ടിയുടെ പ്രാഥമിക മെമ്പറായ എന്നിൽ എന്ത് കുറ്റമാണ് നേതൃത്വം കണ്ടുപിടിച്ചത്. ഈ സമ്മേളനത്തിൽ ഞാൻ പങ്കെടുക്കാൻ പാടില്ലത്രേ. അച്യുതമേനോനും എം എനും എസ് കുമാരനും എൻ ഇ ബലറാമും പികെവിയും വെളിയവും നേതൃത്വമായി പ്രവർത്തിച്ച കാലത്ത് അവരോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ച ഒരെളിയ പ്രവർത്തകനാണ് ഞാൻ. അവരുടെ കാലത്ത് ഏൽപ്പിച്ച ചുമതലകൾ സ്തുത്യർഹമായി നിർവഹിച്ച അനുഭവം ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നു. പറയാനുളളത് പിന്നീട് ഞാൻ പറയും’: എന്നാണ് കെ ഇ ഇസ്മയിൽ പറഞ്ഞത്.

































