തേവലക്കര: ചെക്ക്…കാൽ നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ കരുനീക്കങ്ങളിലെ മിടുക്ക് ചെസ്സ് ബോർഡിലെ കരുക്കൾ നീക്കാമെന്ന ആത്മവിശ്വാസത്തോടെ ആണ് കോവൂർ കുഞ്ഞുമോൻ എം എൽ എ മത്സരത്തിന് ഇറങ്ങിയത്. എന്നാൽ ദേശീയ ചെസ്സ് ചാമ്പ്യൻമാരായ സഹോദരിമാരോട് അവസാനം അടിയറവ് പറയേണ്ടി വന്നു. എന്നാലും ക്യാമ്പസ് കാലത്തെ ചെസ്സ് മികവുകൾ കൈമോശം വന്നിട്ടില്ല എന്നു തെളിയിക്കാനും എം എൽ എക്കു കഴിഞ്ഞു.

തേവലക്കര ഗേൾസ് ഹൈസ്കൂളിൽ നടന്ന മെറിറ്റ് ഡേ ക്കിടയിലാണ് കൗതുകകരമായ ചെസ്സ് മത്സരം അരങ്ങേറിയത്. അണ്ടർ -11 സംസ്ഥാന ചാമ്പ്യനും ഏഷ്യൻ ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ജാനകി എന്ന വിദ്യാർത്ഥിനിയെ ചടങ്ങിൽ ആദരിക്കുന്നുന്നുണ്ടായിരുന്നു. അപ്പോഴാണ് ജാനകിയുടെ സഹോദരിയും ദേശീയ ചെസ്സ് ചാമ്പ്യനുമായ പൗർണ്ണമിയെ ആദരിക്കുന്ന ചടങ്ങിൽ മുമ്പൊരിക്കൽ എത്തിയപ്പോൾ ഒരു സൗഹൃദ മത്സരം കളിക്കാമെന്നു എം എൽ എ വാഗ്ദാനം നൽകിയ കാര്യം സംഘാടകർ ഓർമിപ്പിച്ചത്. ഉടൻ തന്നെ എം എൽ എ സമ്മതം മൂളി. ചെസ്സ് ബോർഡും എത്തി. സഹോദരിമാർ രണ്ടു പേരുമായും എം എൽ എ ഏറ്റുമുട്ടി. കോളേജ് കാലത്തെ മത്സരങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ കരുനീക്കങ്ങൾ ആരംഭിച്ചെങ്കിലും ദേശീയ ചെസ്സ് ചാമ്പ്യൻമാരായ പ്രതിഭകളോട് അധികനേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. തോൽവി സമ്മതിച്ച എം എൽ എ ഇരുവരും ലോകമറിയുന്ന ചെസ്സ് പ്രതിഭകളായി മാറട്ടെ എന്ന ആശംസകൾ നേർന്നാണ് മടങ്ങിയത്.
കരുനാഗപ്പള്ളി ഗവണ്മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സന്ദീപ് മോഹന്റെയും തേവലക്കര ഗേൾസ് ഹൈസ്കൂൾ അധ്യാപിക വി ജി ദിവ്യയുടെയും മക്കളായ പൗർണമിയും ജാനകിയും കുട്ടിക്കാലം മുതൽ തന്നെ ചെസ്സിൽ മികവ് തെളിയിച്ചു ഫിഡെ റേറ്റിംഗ് ഉൾപ്പടെ നേടിയിട്ടുണ്ട്. ദേശീയ ചെസ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ പൗർണമി ഇന്ത്യയെ പ്രതിനിധീകരിച്ചു അന്തർദേശീയ മത്സരത്തിനായി തയ്യാറെടുക്കുമ്പോൾ സഹോദരി ജാനകി ദേശീയ ചാമ്പ്യൻഷിപ്പിൽ മികവും തെളിയിച്ചു ഏഷ്യൻ ചെസ്സ് ചാമ്പ്യൻഷിപ്പിനായി തയ്യാറെടുക്കുകയാണ്.



































