സിപിഎം തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന ഡിവൈഎഫ്ഐ നേതാവിന്‍റെ ശബ്ദസന്ദേശം പുറത്ത്

Advertisement

തൃശ്ശൂര്‍. സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി പി ശരത്പ്രസാദിന്റെ ഓഡിയോ സന്ദേശം പുറത്തായി. എം കെ കണ്ണനും, എസി മൊയ്തീനും എതിരെ ഗുരുതര ആരോപണം. കരുവന്നൂരിലെയും നടത്തറയിലെയും സഹകരണ സംഘങ്ങളിലെ അഴിമതി ആരോപണം നിലനിൽക്കെയാണ് ഡിവൈഎഫ്ഐ നേതാവിന്റെ ഫോൺ സന്ദേശം പുറത്തു വന്നത്. ജില്ലാ കമ്മറ്റിയിലെ നേതാക്കന്മാരുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും ആരോപണം.

ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദ് മുതിർന്ന സിപിഐഎം നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ചത് സ്വകാര്യ സംഭാഷണത്തിനിടെ. ജില്ലാ നേതാക്കൾക്ക് ലക്ഷങ്ങൾ പിരിക്കാൻ കഴിയുമെന്നും ലോക്കൽ നേതാക്കൾക്ക് അതിൽ കുറവാണ് ലഭിക്കുകയെന്നും ശരത്ത്. സി പി എം നടത്തറ ലോക്കൽ കമ്മറ്റി അംഗം നിബിനുമായി വർഷങ്ങൾക്ക് മുൻപ് നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്. എം എൽ എ മാരായ സേവ്യർ ചിറ്റിലപ്പിള്ളിക്കും കെ കെ രാമചന്ദ്രനും എതിരെ ആരോപണം ഉയരുന്നുണ്ട്. കപ്പലണ്ടി വിറ്റ് നടന്ന എം കെ കണ്ണൻ കോടിപതിയാണ്. എ സി മൊയ്തീന്റെ ഡീലിംഗ്സ് ടോപ്പ് ക്ലാസ്സുമായി. പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പം എന്നും ഡിവൈഎഫ്ഐ നേതാവ്. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ അഴിമതി ആരോപണങ്ങൾ വരുമ്പോൾ തന്നെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഫോൺ സംഭാഷണം ചോർന്നത് പാർട്ടിയെ പ്രതിരോധത്തിൽ ആക്കുകയാണ്.

Advertisement