ജനകീയ വിഷയങ്ങൾ കേട്ടറിഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹാർദ വികസന സംവാദം

Advertisement

തൃശ്ശൂര്‍. ജനകീയ വിഷയങ്ങൾ കേട്ടറിഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹാർദ വികസന സംവാദം. ആലപ്പുഴയിൽ എയിംസ് വരാനാണ് സാധ്യത എന്നും കച്ചവട താൽപര്യം മുൻനിർത്തി സംസ്ഥാന സർക്കാർ അട്ടിമറിക്കാൻ നോക്കിയാൽ സമരത്തിന് ഇറങ്ങുമെന്നും സുരേഷ് ഗോപി. എംപിയായിരുന്നിട്ട് പോലും പദ്ധതികൾ നടപ്പാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാരെ അടക്കം സഹിക്കേണ്ട ഗതികേടിലാണ് താൻ.

പുള്ള്, ചെമ്മാപ്പിള്ളി പ്രദേശങ്ങളിലായിരുന്നു കലുങ്ക് സൗഹൃദ സംഗമത്തിന് തുടക്കമിട്ടത്. മാഞ്ഞു പോയിക്കൊണ്ടിരിക്കുന്ന നാട്ടുകൂട്ട സംസ്കാരത്തെ തിരിച്ചുകൊണ്ടുവരികയാണ് തന്റെ ലക്ഷ്യം എന്ന് സ്ഥലം കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപി നേതാവും നടനുമായ ദേവൻ ചടങ്ങിൽ പങ്കെടുത്തു. ഇവിടെവെച്ച് എയിംസ് ആലപ്പുഴയിൽ വരാനാണ് സാധ്യത എന്ന് സുരേഷ് ഗോപി.

തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്ക വിഷയവും കുടിവെള്ള പ്രശ്നങ്ങളും കർഷകരുടെ ബുദ്ധിമുട്ടുകളും കേന്ദ്ര മന്ത്രിക്ക് മുന്നിൽ നാട്ടുകാർ അവതരിപ്പിച്ചു. വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി പ്രത്യേക പഠന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു സുരേഷ് ഗോപി പറഞ്ഞു. ചെമ്മാപ്പിള്ളിയിൽ നടന്ന രണ്ടാമത്തെ സൗഹൃദ സംവാദ സദസ്സിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പം വേദി പങ്കിട്ടത് സംവിധായകൻ സത്യൻ അന്തിക്കാട്.

ജാതിമത കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവർക്കും അവരവരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ സുരേഷ് ഗോപി ഒരുക്കിയ വേദി പുതുചരിത്രം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ താൽപര്യങ്ങളുടെ പുറത്തല്ല കലുങ്ക് സൗഹൃദ കൂട്ടായ്മ എന്നു പറയുമ്പോഴും സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നു തന്നെ രാഷ്ട്രീയ കാര്യങ്ങൾ ഉയർന്നു.


താൻ പറയുന്നത് പലർക്കും പൊള്ളുന്നത് കൊണ്ടാണ് തനിക്കെതിരെ കൂരമ്പുകൾ എയ്യുന്നത്. സത്യം പറയുമ്പോൾ പൊള്ളും. അത്തരക്കാരാണ് കരിയോയിലും ആയി വരുന്നത്.

എയിംസിന്റെ കാര്യത്തിൽ സംസ്ഥാനത്തിന് എന്തെങ്കിലും ഡിസൈൻ ഉണ്ടെങ്കിൽ അതിനും മേലെ കേന്ദ്രത്തിന് ഒരു ഡിസൈൻ ഉണ്ടെന്നും വഴങ്ങേണ്ടി വരുമെന്നും കേന്ദ്രമന്ത്രി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്നതിനാൽ വരും നാളുകളിലും കലുങ്ക് സൗഹൃദ കൂട്ടായ്മയെ മുന്നോട്ടു കൊണ്ടുപോകാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Advertisement