മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചൻ അന്തരിച്ചു

Advertisement

കൊച്ചി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു. മുൻ മന്ത്രിയും കേരള നിയമസഭ സ്പീക്കറുമായിരുന്നു.

കെപിസിസി പ്രസിഡൻ്റും യുഡിഎഫ് കണ്‍വീനറുമായി പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ നിയമസഭാംഗമായിരുന്നു. എകെ ആൻ്റണി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്നു. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് നിയമസഭാ സ്പീക്കറായി പ്രവർത്തിച്ചത്.

അങ്കമാലിയില്‍ റവ ഫാ. പൗലോസിന്റെ മകനായി 1939 ജൂലായ് 29ന് ആണ് തങ്കച്ചൻ ജനിച്ചത്. തേവര എസ്‌എച്ച്‌ കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച്‌ അഭിഭാഷകനായും ജോലി ചെയ്തു. പൊതുഭരണത്തില്‍ ഡിപ്ലോമ ബിരുദവും നേടിയിട്ടുണ്ട്. 1968ല്‍ പെരുമ്ബാവൂർ കോർപ്പറേഷന്റെ ചെയർമാനായിട്ടായിരുന്നു പൊതുരംഗത്തേക്ക് പ്രവേശിച്ചത്. 1968ല്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേഷൻ ചെയർമാൻ എന്ന റെക്കോർഡും തങ്കച്ചന്റെ പേരിലാണ്. 1968 മുതല്‍ 1980 വരെ പെരുമ്പാവൂർ കോർപ്പറേഷൻ കൗണ്‍സില്‍ അംഗമായിരുന്നു. 1977 മുതല്‍ 1989വരെ എറണാകുളം ഡിസിസി പ്രസിഡന്റായും 1980-82 കാലത്ത് പെരുമ്പാവൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.

1982ല്‍ പെരുമ്പാവൂരില്‍ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും(1987,1991, 1996) പെരുമ്പാവൂരില്‍ നിന്ന് തന്നെ നിയമസഭാംഗമായി. 1987-1991 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്നു. 2001ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സാജു പോളിനോട് പരാജയപ്പെട്ടു.

2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടില്‍ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ എംഎം മോനായിയോട് പരാജയപ്പെട്ടു. 1991-95ലെ കെ കരുണാകരൻ മന്ത്രിസഭയില്‍ സ്പീക്കറായും 1995-96ലെ എകെ ആന്റണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയായും 1996-2001ലെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായും പ്രവർത്തിച്ചു. 2001 മുതല്‍ 2004 വരെ മാർക്കറ്റ് ഫെഡ് ചെയർമാനായും കെപിസിസിയുടെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 2004ല്‍ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതോടെ യുഡിഎഫ് കണ്‍വീനറായ തങ്കച്ചൻ 2018 വരെ കണ്‍വീനറായി തുടർന്നു. ടിവി തങ്കമ്മയാണ് പത്നി. മൂന്ന് മക്കള്‍.

Advertisement