തിരുവനന്തപുരം∙ പ്ലാസ്റ്റിക് കുപ്പിയിൽ ഉള്ള മദ്യം വാങ്ങുന്നവർ കാലിക്കുപ്പി വാങ്ങിയ ഔട്‌ലെറ്റിൽ തിരിച്ചുകൊടുത്താൽ നിക്ഷേപത്തുകയായ 20 രൂപ മടക്കി നൽകുന്ന ബവ്കോയുടെ പദ്ധതിയിൽ ആദ്യദിവസം തന്നെ കുപ്പികൾ തിരിച്ചെത്തിത്തുടങ്ങി. മദ്യം വാങ്ങിപ്പോയവർ മിനിറ്റുകൾക്കുള്ളിൽ കാലിക്കുപ്പിയുമായി തിരിച്ചെത്തിയ സ്ഥിതി യുമുണ്ടായി. അതേസമയം, കുപ്പി തിരിച്ചുകൊടുക്കാനായി ഔട്‌ലെറ്റിനു സമീപത്തു തന്നെ മദ്യപിക്കുന്നവരുടെ എണ്ണവും ഇതോടെ കൂടി. നിക്ഷേപത്തുകയ്ക്കു നൽകേണ്ട രസീത് അച്ചടിച്ച് ഔട്‌ലെറ്റുകളിൽ എത്തിക്കാതിരുന്നതു ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ തർക്കങ്ങൾക്കിടയാക്കി. അധികം വാങ്ങുന്ന തുകയ്ക്കു രസീത് നൽകണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. രസീത് ഇന്ന് ഔട്‌ലെറ്റുകളിൽ എത്തിക്കുമെന്നാണു ബവ്കോയുടെ ഉറപ്പ്.
തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 10 വീതം ഔട്‌ലെറ്റുകളിലാണു പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയത്. എല്ലായിടത്തും ആദ്യദിനം ആശയക്കുഴപ്പമുണ്ടായി. രാവിലെ 9ന് ഔട്‌ലെറ്റ് തുറന്നയുടൻ മദ്യം വാങ്ങിപ്പോയവർ മിനിറ്റുകൾക്കുള്ളിൽ കാലിക്കുപ്പിയുമായി തിരിച്ചെത്തിയ സംഭവങ്ങളുണ്ടായി. ചിലർ ഔട്‌ലെറ്റിന്റെ പരിസരത്തു തന്നെ മദ്യം അകത്താക്കിയപ്പോൾ, മറ്റു ചിലർ വേറെ കുപ്പിയിലേക്കു മാറ്റി കാലിക്കുപ്പിയുമായെത്തി 20 രൂപ തിരിച്ചുവാങ്ങി.
കാലിക്കുപ്പി വാങ്ങി 20 രൂപ തിരിച്ചുകൊടുക്കാൻ പ്രത്യേക കൗണ്ടർ തുറക്കുമെന്നും കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.
































