വാർത്താനോട്ടം

Advertisement

2025 സെപ്തംബർ 11 വ്യാഴം

BREAKING NEWS

👉 തിരുവനന്തപുരം കോർപ്പറേഷൻ ആറ്റിപ്ര മാലിന്യ സംഭരണ കേന്ദ്രത്തിൽ തീപിടുത്തം. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണച്ചു

👉തൃശൂർ പൂരം കലക്കൽ വിവാദം: സി പി ഐ സംസ്ഥാന സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ പരാമർശമില്ല

👉വി എസ് സുനിൽകുമാറിൻ്റെ പരാജയം സംബന്ധിച്ചും സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ മൗനം. ഇന്നത്തെ പൊതു ചർച്ചയിൽ പ്രതിനിധികൾ ഇക്കാര്യം ഉന്നയിക്കും

👉 കൊല്ലം അഞ്ചാലുംമൂട് സ്ക്കുളിൽ വിദ്യാർത്ഥികളെ മർദിച്ച കായിക അധ്യാപകനെ സസ്പെൻഡ് ചെയ്തു.

👉രാഹുൽ മാങ്കൂട്ടത്തിലിനെ തിരെ പരാതി പറഞ്ഞ ഭാരവാഹി യൂത്ത് കോൺഗ്രസിൽ ഇല്ലെന്ന് നേതാക്കൾ.

🌴കേരളീയം🌴

🙏 കേരള സര്‍വകലാശാലയിലെ തര്‍ക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സംരക്ഷകരായി സര്‍വകലാശാല പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രീയമോ മറ്റ് പരിഗണനകളോ അതിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ പാടില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

🙏 ചെന്നൈയിലേക്ക് കൊണ്ട് പോയ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണം പൂശിയ പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

🙏 നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയില്‍ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവര്‍ അടക്കമുള്ളവര്‍ കുടുങ്ങി കിടക്കുകയാണ്.

🙏 കുട്ടികള്‍ കുറഞ്ഞതോടെ ജോലിനഷ്ടമായ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരില്‍ പലരും ആത്മഹത്യയുടെ വക്കിലാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി.

🙏 മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങള്‍ക്കെതിരെ പുറപ്പെടുവിച്ച ഇ – ചലാന്‍ റദ്ദാക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. ഇത്തരത്തില്‍ ആലോചിക്കുന്നതായി ചില സോഷ്യല്‍ മീഡിയ ചാനലുകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അദ്ദേഹം വിശദീകരിച്ചു.

🙏സംസ്ഥാനത്ത് പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം കുറഞ്ഞുവരുന്നതായും പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായും സിപിഐ സമ്മേളന റിപ്പോര്‍ട്ട്.

🙏 സര്‍ക്കാര്‍ നയങ്ങളില്‍ വിമര്‍ശനവുമായി സിപിഐ. സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

🙏 പേരൂര്‍ക്കടയില്‍ പൊലീസ് കള്ളകേസില്‍ കുടുക്കിയ ദളിത് സ്ത്രീയായ ബിന്ദുവിന് സഹായവുമായി എംജിഎം ഗ്രൂപ്പ്. ചുള്ളിമാനൂര്‍ സ്വദേശി ബിന്ദുവിന് എംജിഎം സ്‌കൂളില്‍ പ്യൂണായി നിയമനം നല്‍കുമെന്ന് എംജിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഗീവര്‍ഗീസ് യോഹന്നാന്‍ അറിയിച്ചു.

🙏 കോഴിക്കോട് വിജില്‍ തിരോധാനക്കേസില്‍ അയാളുടേതെന്ന് കരുതുന്ന ഷൂ സരോവരത്തെ ചതുപ്പിലെ തെരച്ചിലില്‍ കണ്ടെത്തി. ഷൂ വിജിലിന്റേതാണെന്ന് പ്രതികള്‍ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും.

🙏 പൊലീസ് കസ്റ്റഡി മര്‍ദനങ്ങളില്‍ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തിയായിരുന്നു പ്രതിഷേധം.

🙏 സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധന ഫലം പോസിറ്റീവ് എന്ന് കണ്ടെത്തി.

🙏 ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും എല്ലാം പറയാം എന്നുമായിരുന്നു വേടന്റെ മറുപടി.

🙏 രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവനടിയുടെ മൊഴിയില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. വെളിപ്പെടുത്തലില്‍ ഉറച്ചുനിന്ന നടി, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടും ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു.

🙏 ചേര്‍ത്തലയിലെ ബിന്ദു പത്മനാഭന്റെ കൊലപാതക കേസിലും സെബാസ്റ്റ്യനെ കുരുക്കാന്‍ ക്രൈംബ്രാഞ്ച്. സെബാസ്റ്റ്യനെ കേസില്‍ പ്രതിചേര്‍ത്ത് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് നീക്കം. സെബാസ്റ്റ്യനെ പ്രതിച്ചേര്‍ക്കാന്‍ അന്വേഷണസംഘം അടുത്ത ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

🙏 യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ വീണ്ടും വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ. ഫിറോസിന്റേത് റിവേഴ്സ് ഹവാല നടത്തുന്ന കമ്പനിയെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.

🙏 പത്തനംതിട്ട അടൂര്‍ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റന്‍ഡര്‍ക്ക് സസ്പെന്‍ഷന്‍. ട്രാഫിക് എസ്ഐക്ക് വേണ്ടി കൈക്കൂലി വാങ്ങിയതിനാണ് സസ്പെന്‍ഡ് ചെയ്തത്. ഓഫീസ് അറ്റന്‍ഡര്‍ വിഷ്ണു എസ് ആറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

🙏 സര്‍വീസ് റോഡുകളിലെ കുഴികള്‍ താല്‍ക്കാലികമായി അടച്ചിട്ടും മണ്ണുത്തി -ഇടപ്പള്ളി ദേശീയപാതയില്‍ അടിപ്പാത നിര്‍മ്മാണം നടക്കുന്ന ആമ്പല്ലൂരില്‍ വീണ്ടും വന്‍ ഗതാഗത കുരുക്ക്. വൈകീട്ട് വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീണ്ടു.

🇳🇪  ദേശീയം  🇳🇪

🙏 ബീഹാര്‍ മോഡല്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ഇനി എല്ലാ സംസ്ഥാനങ്ങളിലേക്കും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനം.

🙏 വിട്ടുവീഴ്ചയില്ലാത്ത ദേശീയവാദിയാണ് താനെന്ന് സ്വയം വിശേഷിപ്പിച്ച് നിയുക്ത ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍. ഛത്രപതി ശിവാജി വിദേശ ആക്രമണകാരികളോട് പോരാടിയപ്പോള്‍, അംബേദ്കര്‍ അടിച്ചമര്‍ത്തലിനെതിരെ പോരാടിയെന്നും അത്തരം ദീര്‍ഘദര്‍ശികള്‍ ഉള്ളതുകൊണ്ടാണ് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

🙏 ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്തിട്ടില്ലെന്ന് ആര്‍ജെഡി. പാര്‍ട്ടിയിലെ 9 എംപിമാരും ഒറ്റക്കെട്ടായാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതെന്ന് തേജസ്വി യാദവ് വ്യക്തമാക്കി.

🙏 മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ രാജിയില്‍ വെളിപ്പെടുത്തലുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി. ധന്‍കര്‍ ഭരണകക്ഷിക്ക് ചേരാത്ത രീതിയില്‍ പെരുമാറിയതിനാലാണ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നതെന്ന് ഗുരുമൂര്‍ത്തി പറഞ്ഞു.

🙏 ദില്ലി കലാപ ഗൂഢാലോചന കേസില്‍ പ്രതിയായ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് സുപ്രീം കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി. ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

🙏 കാനഡയിലെ കര്‍ശനമായ വിസ നിയമങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വലിയ രീതിയില്‍ ബാധിക്കുന്നു. 2025ല്‍ 80% ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും വിസ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. ഇത് ആഗോള വിദ്യാര്‍ത്ഥികളുടെ രാജ്യത്തേക്കുള്ള വരവിനെ വലിയ രീതിയില്‍ ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍.

🙏 നേപ്പാളിലെ കലാപത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. യുപി, ബീഹാര്‍ അടക്കം അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

🙏 ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ പൊറുതിമുട്ടുന്ന അയല്‍രാജ്യങ്ങളെ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ് സുപ്രീം കോടതി. നമ്മുടെ ഭരണഘടനയില്‍ നമ്മള്‍ അഭിമാനിക്കുന്നതായി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു.

🇦🇺 അന്തർദേശീയം 🇦🇽

🙏 നേപ്പാളിലെ പ്രക്ഷോഭത്തില്‍ കത്തിയമര്‍ന്ന് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ ഹില്‍ട്ടണ്‍ കഠ്മണ്ഡു. ഏഴ് വര്‍ഷത്തെ പ്രയത്‌നത്തിനുശേഷം 800 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഹോട്ടല്‍ 2024 ജൂലായിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

🙏 രാജ്യവ്യാപക കര്‍ഫ്യുവിനെ തുടര്‍ന്ന് നേപ്പാള്‍ സാധാരണ നിലയിലേക്ക്. പ്രതിഷേധത്തിന് സാധ്യതയുളള പ്രദേശങ്ങളുടെ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുത്തു കഴിഞ്ഞു. സൈന്യവുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍ ചീഫ് ജസ്റ്റീസ് സുശീല കര്‍ക്കിയെ ജെന്‍ സീ കൂട്ടായ്മ ചുമതലപ്പെടുത്തി. നേപ്പാളിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാണ് സുശീല കര്‍ക്കി.

🙏 രാജ്യത്ത് സമാധാനം കൊണ്ടുവരുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് നേപ്പാളിലെ ഇടക്കാല നേതാവായി നിര്‍ദ്ദേശിക്കപ്പെട്ട മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി. ജെന്‍ സീ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

🙏 ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തോട് ശക്തമായ വിയോജിപ്പെന്ന് ഗള്‍ഫ് രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ. ആക്രമണം മേഖലയിലെ സംഘര്‍ഷ സ്ഥിതി വഷളാക്കുമെന്ന ആശങ്ക ഇന്ത്യ പ്രകടിപ്പിച്ചു.

🙏 ഇസ്രായേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാര്‍ഢ്യവുമായി അറബ് രാജ്യതലവന്മാര്‍ ദോഹയിലേക്ക്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്നലെ വൈകിട്ട് ദോഹയിലെത്തി. ഖത്തര്‍ ഭരണകൂടത്തിലെ ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

🙏 യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തി. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടതായും 130 പേര്‍ക്ക് പരിക്കേറ്റതായും ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചു.

🙏 സര്‍ക്കാരിന്റെ നയങ്ങളില്‍ മാറ്റം വരുത്തണമെന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഫ്രാന്‍സില്‍ കൂടുതല്‍ ശക്തമാകുന്നു. പാരിസിലും മറ്റ് പ്രധാന നഗരങ്ങളിലുമായി പതിനായിരക്കണക്കിന് ജനങ്ങള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു.

🙏 അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും, ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനും അമേരിക്കന്‍ വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനുമായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയില്‍ ഒരു യോഗത്തില്‍ തോക്ക് അക്രമങ്ങളെക്കുറിച്ച് പ്രസംഗിക്കുമ്പോഴാണ് 31 കാരനായ ചാര്‍ളിക്ക് വെടിയേറ്റത്.

🙏 ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി ഇലോണ്‍ മസ്‌കില്‍ നിന്ന് ഓറക്ക്ള്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍ സ്വന്തമാക്കി. ഓറക്ക്ളിന്റെ പുതിയ വരുമാന റിപ്പോര്‍ട്ടില്‍ എലിസണിന്റെ സമ്പത്ത് 101 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 393 ബില്യണ്‍ ഡോളറായിരുന്നു.

🏏കായികം 🥍

🙏 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ യുഎഇക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത യുഎഇ 13.1 ഓവറില്‍ 57 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 4.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യത്തിലെത്തി.

Advertisement