പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇനി വില കൂടും; ഇന്ന് മുതല്‍ 20 രൂപ അധിക ചാര്‍ജ്

Advertisement

തിരുവനന്തപുരം:പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് ഇന്ന് (സെപ്തംബർ 10) മുതല്‍ വില കൂടും. 20 രൂപയുടെ അധിക ചാർജാണ് ഇന്ന് മുതല്‍ ഈടാക്കുക.

തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ബെവറജസ് ഷോപ്പുകളിലായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി പിന്നീട് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ് തീരുമാനം.

പ്ലാസ്റ്റിക് കുപ്പികളില്‍ സി ഡിറ്റ് തയ്യാറാക്കിയ ലേബല്‍ പതിപ്പിക്കും. 20 രൂപ അധിക ചാർജിന് പ്രത്യേക രസീതും നല്‍കും. പ്ലാസ്റ്റിക് കുപ്പി തിരികെനല്‍കുമ്ബോള്‍ ഈ പണവും തിരികെലഭിക്കും. സി ഡിറ്റിൻ്റെ ലേബല്‍ ഇല്ലെങ്കില്‍ പണം മടക്കിലഭിക്കില്ല. ലേബല്‍ നിർബന്ധമാണെന്ന് ബെവറജസ് കോർപ്പറേഷൻ എംഡി ഹർഷിത അത്തല്ലൂരി പറഞ്ഞു.

20 രൂപയ്ക്ക് പ്രത്യേക ബില്‍ എന്നത് ആദ്യഘട്ടത്തില്‍ മാത്രമാവും. 2026 ജനുവരിയിലാണ് സംസ്ഥാന വ്യാപകമായി ഇത് നടപ്പാക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഈ സമയത്ത് ഒറ്റ ബില്‍ ആവും. ആദ്യ ഘട്ടത്തില്‍ അതത് ഷോപ്പുകളില്‍ വില്‍ക്കുന്ന കുപ്പികളാവും തിരിച്ചെടുക്കുക. പല കുപ്പികള്‍ ഒരുമിച്ച്‌ കൊണ്ടുവന്നാലും സ്വീകരിക്കും. ഇതിനായി പ്രത്യേക കൗണ്ടറും സജ്ജീകരിക്കും. പണം തിരികെലഭിക്കുന്നതിന് പണമടച്ച രസീത് നിർബന്ധമല്ല. കുപ്പിയ്ക്ക് വാങ്ങുന്ന അധിക തുക പ്രത്യേക അക്കൗണ്ടില്‍, ഉപഭോക്താവിന് തിരികെ കൊടുക്കേണ്ട തുകയായിട്ടാവും സൂക്ഷിക്കുക.

ബെവറജസ് ഷോപ്പുകളില്‍ നിന്ന് കുടുംബശ്രീ പ്രവർത്തകരാവും കുപ്പികള്‍ ശേഖരിക്കുക. ഈ കുപ്പികള്‍ ക്ലീൻ കേരള കമ്ബനിയ്ക്ക് കൈമാറും. ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയിരിക്കുന്ന 20 ഷോപ്പുകളിലായി ഒരു മാസം 27 ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകള്‍ വില്‍ക്കുന്നുണ്ട്. ഇവ തിരികെ സ്വീകരിക്കുന്നതിൻ്റെ പരിമിതികളും പ്രശ്നങ്ങള്‍ മനസ്സിലാക്കിയ ശേഷമാവും സംസ്ഥാനവ്യാപകമായി നടപ്പാക്കുക. സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പിലാക്കിയാല്‍ ഒരു മാസം നാല് കോടി വരെ പ്ലാസ്റ്റിക് കുപ്പികള്‍ തിരികെ എടുക്കേണ്ടിവരും.

Advertisement