തിരുവനന്തപുരം: ന്യായവും നീതിയും കല്പിക്കേണ്ട ജഡ്ജിമാർ മൊബൈൽ നോക്കിയിരുന്നാൽ എന്താകും അവസ്ഥ?
ഓണം വാരാഘോഷത്തിൻ്റെ സമാപന സാംസ്ക്കാരിക ഘോഷയാത്രയിൽ പൊതുവിതരണ വകുപ്പിൻ്റെ നേതൃത്വത്തിൽ അവതരിപ്പിച്ച സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുന്ന ഫ്ലോട്ടിൽ രണ്ട് ജഡ്ജിമാർ മെബൈൽ നോക്കിയിരിക്കുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കി.
സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്ന വിവിധ വകുപ്പുകളുടെ 60 ഓളം ഫ്ലോട്ടുകൾ
തലസ്ഥാനത്ത് ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഘോഷയാത്രയിൽ അണിനിരന്നത്.
ഒന്നിനൊന്ന് മെച്ചമായി വകുപ്പുകൾ തമ്മിൽ സോഷ്യലിസ്റ്റ് മത്സരം കാഴ്ചവെച്ച വർണ്ണശബളമായ ഘോഷയാത്രയാണ് നടന്നക്കുന്നത്. എന്നാൽ പൊതുവിതരണ വകുപ്പിൻ്റെ ഫ്ലോട്ടിൻ്റെ അവതരണം ഓണം വാരാഘോഷ ഘോഷയ ത്രയിൽ കല്ലുകടിയായി.
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 2(44) പ്രകാരം ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സംസ്ഥാന, കേന്ദ്രഭരണ പ്രദേശ തലങ്ങളിൽ ഒരു അർദ്ധ ജുഡീഷ്യൽ സ്ഥാപനമായി രൂപീകരിച്ച ഒരു ഇന്ത്യൻ സ്വയംഭരണ, നിയമാനുസൃത, ഭരണഘടനാ സ്ഥാപനമാണ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എന്നിരിക്കെ ഫ്ലോട്ടിൽ രണ്ട് ജഡ്ജിമാർ മൊബൈൽ നോക്കിയിരിക്കുന്നതാണ് ചിത്രികരണത്തിലുള്ളത്.
വിപണി ദുരുപയോഗത്തിൽ നിന്ന് അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുക എന്ന ഏക ഉദ്ദേശ്യത്തോടെ, ഒരു ഉപഭോക്താവിനെ അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് വിജയകരമായി ബോധവൽക്കരിക്കേണ്ട ന്യായാധിപരരെയാണ് ഇവിടെ വികൃതമായി ചിത്രീകരിച്ചത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉൾപ്പെടെയുള്ളവർ ഘോഷയാത്ര നയിക്കാൻ മുമ്പിലുണ്ടായിരുന്നു.





































