തിരുവനന്തപുരം: സംസ്ഥാന സർക്കാർ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്ര ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഫ്ലാഗ് ഓഫ് ചെയ്തു. എല്ലാ പിണക്കങ്ങളും മറന്ന് ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഒരേ വേദി പങ്കിട്ടത് ഓണത്തിൻ്റെ മറ്റൊരു പ്രത്യേകതയായി. മാനവീയം വീഥിയിൽ പ്രത്യേകം തയ്യറാക്കിയ വേദിയിൽ മന്തി വി ശിവൻകുട്ടി സ്വാഗതം ആശംസിച്ചു.തുടർന്ന് പ്രസംഗിച്ച ഗവർണ്ണർ ജേഷ്ഠസഹോദരൻ എന്നാണ് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ കേരളം മുന്നേറട്ടെയെന്നും ഗവർണർ പറഞ്ഞു.
ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് 51 കലാകാരന്മാർ മുഴക്കുന്ന ശംഖനാദത്തിന്റെ അകമ്പടിയിൽ വാദ്യോപകരണമായ കൊമ്പ്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറിയതോടെ സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കം കുറിച്ചു. കിഴക്കേകോട്ടയിൽ അവസാനിക്കുന്ന ഘോഷയാത്രയിൽ ആയിരത്തിൽപ്പരം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളും 59 ഫ്‌ളോട്ടുകളും അണിനിരക്കുന്നുണ്ട്.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്ന വിവിധ വകുപ്പുകളുടെ 60 ഓളം ഫ്‌ളോട്ടുകൾ ഉണ്ടാകും. 91 ദൃശ്യ- ശ്രവ്യകലാരൂപങ്ങളും ഇന്ത്യൻ ആർമിയുടെ ബാൻഡ് സംഘവും ഘോഷയാത്രയ്ക്ക് മിഴിവേകുന്നു. ‘നാനത്വത്തിൽ ഏകത്വം’ എന്ന പ്രമേയം മുൻനിർത്തി ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രയിൽ ഒത്തുചേരുന്നു.പൂക്കാവടി, ഓണപ്പൊട്ടൻ, ശിങ്കാരിമേളം, ചെണ്ടമേളം, ആഫ്രിക്കൻ ബാൻഡ്, കിവി ഡാൻസ്, മുയൽ ഡാൻസ്, ഗൊപ്പിയാള നൃത്തം, അലാമിക്കളി, മുറം ഡാൻസ്, ഡ്രാഗൺ തെയ്യം, ഫിഷ് ഡാൻസ് തുടങ്ങിയ കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. കേരളീയ പൈതൃകവും സിനിമയും സാഹിത്യവും സ്ത്രീശാക്തീകരണവും സ്ത്രീ സുരക്ഷയും ആരോഗ്യശീലങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയും ജീവ സുരക്ഷാ സന്ദേശങ്ങളും ഫ്‌ളോട്ടുകളുടെ വിഷയങ്ങളായി അവതരിപ്പിക്കും.
ആനുകാലിക പ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്‌ളോട്ടുകളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഫ്‌ളോട്ടുകൾ തയ്യാറാക്കിയിരിക്കുത്. പബ്ലിക് ലൈബ്രറിക്ക് മുന്നിൽ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വി.വി.ഐ.പി. പവലിയന് മുന്നിലും യൂണിവേഴ്‌സിറ്റി കോളേജിന് മുൻവശത്തെ വി.ഐ.പി. പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങൾ അവതരിപ്പിക്കും. ഘോഷയാത്ര ഒരു പോയിന്റ് കടക്കാൻ ഉദ്ദേശം ഒന്നര മണിക്കൂർ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വിദേശ വിനോദ സഞ്ചാരികൾക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനായി വി.വി.ഐ.പി. പവലിയനു സമീപമായി പ്രത്യേക പവലിയനും ഒരുക്കും. ഘോഷയാത്ര ഉദ്ഘാടനത്തിന് ശേഷം സെൻട്രൽ ലൈബ്രറിക്ക് മുന്നിൽ ഒരുക്കിയ പ്രത്യേക പവലിയനിൽ ഇരുന്നാണ് ഗവർണറും മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ഘോഷയാത്ര വീക്ഷിക്കുന്നത്.പതിനായിരങ്ങളാണ് സാംസ്ക്കാരിക ഘോഷയാത്ര കാണാൻ അനന്തപുരിയിൽ എത്തിയിട്ടുള്ളത്.






































