വാർത്താ നോട്ടം

Advertisement

2025 സെപ്തംബർ 09 ചൊവ്വ

BREAKING NEWS

👉ഓണം വാരാഘോഷം:തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്കൂളുകൾക്ക് ഇന്ന് അവധി

👉ഓണം വാരാഘോഷം: നഗരപരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും

👉മലപ്പുറം അരീക്കോട് കാരി പറമ്പിൽ 4 വളർത്തു പശുക്കളെ കുത്തി പരിക്കേല്പിച്ച സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ തുടങ്ങി

👉ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ ഒരു പശു ചത്തു. 3 പശുക്കൾക്ക് ഗുരുതരമായ പരിക്ക് ഉണ്ട്.

👉പേരൂർക്കടയിലെ മാല മോഷണം നുണക്കഥ :അറസ്റ്റ് ന്യായികരിക്കാൻ പോലീസും കള്ളക്കഥ മെനഞ്ഞതായി ക്രൈംബ്രാഞ്ച് കണ്ടെത്തൽ,

👉സി പി എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പുന:സ്ഥാപനം; കൊല്ലത്ത് ഇന്ന് നടക്കുന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തിൽ എം വി ഗോവിന്ദൻ പങ്കെടുക്കും.

👉അമീബിക്ക് മസ്തിഷ്ക്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 2 കുട്ടികൾ ആശുപത്രി വിട്ടു.

🌴കേരളീയം🌴

🙏 സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണം വാരാഘോഷം ഇന്ന് സമാപിക്കും. ഇതിന്റെ ഭാഗമായിട്ടുള്ള സാംസ്‌കാരിക ഘോഷയാത്ര ഇന്ന് വൈകിട്ട് 4 ന് മാനവീയം വീഥിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

🙏 ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജലഘോഷയാത്രയ്ക്ക് ശേഷം മത്സര വള്ളംകളി നടക്കും. 51 പള്ളിയോടങ്ങള്‍ ഘോഷയാത്രയുടെ ഭാഗമാകും. വള്ളംകളി പ്രമാണിച്ച് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് പ്രാദേശിക അവധി. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.

🙏 കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം ഇന്‍ഡ് സമ്മിറ്റ് പരിപാടിയില്‍ സംഘാടകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സദസില്‍ ആളില്ലാത്തതിനാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. പരിപാടിയുടെ ഗൗരവം ഉള്‍കൊണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🙏 തൃശൂര്‍ നഗരത്തെ ആവേശത്തിലാറാടിച്ച പുലിക്കളിയില്‍ വിയ്യൂര്‍ യുവജന സംഘം ജേതാക്കളായി. സീതാറാം മില്‍ ദേശത്തിനാണ് രണ്ടാം സ്ഥാനം. നായ്ക്കനാല്‍ ദേശം മൂന്നാം സ്ഥാനം നേടി. 9 ദേശങ്ങളില്‍ നിന്നായി 459 പുലികളാണ് ഇന്നലെ ശക്തന്റെ തട്ടകത്തിലിറങ്ങിയത്.

🙏 ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ പുലികളിയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തൃശൂര്‍ ജില്ലയിലെ എട്ട് പുലികളി സംഘങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.

🙏 ഒരുപാട് ആളുകള്‍ വിചാരിക്കുന്നത് വേടന്‍ എവിടെയോ പോയെന്നാണെന്നും എന്നാല്‍, ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ലെന്നും തന്റെയീ ഒറ്റ ജീവിതം ഈ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു മരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും റാപ്പര്‍ വേടന്‍.

🙏 ഡോ. പി. സരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചതായി ഭാര്യ ഡോ. സൗമ്യ സരിന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

🙏 അസുഖബാധിത
യായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ സെപ്റ്റംബര്‍ 6 മുതല്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ തൃശ്ശൂരിന്റെ സ്വന്തം പുലിക്കളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ ദുഃഖം മന്ത്രി രേഖപ്പെടുത്തി.

🙏 സ്‌കൂളില്‍ പ്രസവിച്ചു കിടന്ന നായ കുട്ടിയെ കടിച്ചു. പനമരം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് നായ കടിച്ചത്. സ്‌കൂളിലെ ഉപയോഗിക്കാതിരുന്ന വലിയ വാഷ്ബേസില്‍ ആണ് നായ പ്രസവിച്ചു കിടന്നിരുന്നത്.

🙏 ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസുമായി ബന്ധപ്പെട്ട് മലയാളി യൂട്യൂബര്‍ മനാഫിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ബെല്‍ത്താങ്കടിയിലെ എസ്ഐടി ഓഫീസില്‍ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് മനാഫ് എത്തിയത്.

🙏 തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

🙏 കോഴിക്കോട് മടവൂരില്‍ ഹണി ട്രാപ്പില്‍ കുടുക്കി യുവാവില്‍ നിന്നും പണം തട്ടിയ കേസില്‍ യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. മാവേലിക്കര സ്വദേശി ഗൗരി നന്ദ, പാണഞ്ചേരി സ്വദേശി അന്‍സിന, ഭര്‍ത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്.

🙏 കേരളത്തിലെ മലയോര മേഖലകളില്‍ പ്ലാസ്റ്റിക്കിന് ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ സംസ്ഥാനത്തെ പെറ്റ് ബോട്ടില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.

🙏 ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതി വിപഞ്ചികയുടേയും ഒന്നര വയസ്സുകാരിയായ മകള്‍ വൈഭവിയേയും കേസില്‍ വിപഞ്ചികയുടെ ഭര്‍ത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്.

🙏 മകളെ യാത്രയയക്കാനായി കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലെത്തിയ വീട്ടമ്മ ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു. കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് അപകടമുണ്ടായത്. കടയ്ക്കല്‍ സ്വദേശി മിനി (42) ആണ് മരിച്ചത്.

🙏 കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പുല്‍പ്പള്ളി ടൗണിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാറിന്റെ മകള്‍ കനിഷ്‌ക (16)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

🇳🇪 ദേശീയം 🇳🇪

🙏 ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ സിപി രാധാകൃഷ്ണനും മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് മത്സരം. എട്ടു മണിയോടെ ഫലം പ്രഖ്യാപിക്കും.

🙏 ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഗുദ്ദര്‍ വനമേഖലയില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. ഇതോടെ ഏറ്റുമുട്ടലില്‍ മരിച്ച ഭീകരുടെ എണ്ണം രണ്ടായി. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു ജവാന്റെ നില ഗുരുതുരമായി തുടരുകയാണ്.

🙏 ബീഹാറിലെ തീവ്രവോട്ടര്‍ പരിഷ്‌കരണത്തില്‍ ആധാര്‍ കാര്‍ഡിനെ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് ഉത്തരവിറക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

🙏ഹരിയാനയിലെ ഫരീദാബാദിൽ എയര്‍കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. എസിയുടെ കംപ്രസ്സര്‍ പൊട്ടിത്തെറിച്ചാണ് ദാരുണ സംഭവം. ദമ്പതികളും മകളുമാണ് മരിച്ചത്. ദമ്പതികളുടെ മകന്‍ കെട്ടിടത്തില്‍ നിന്നും ചാടിരക്ഷപ്പെട്ടു.

🙏 തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് ബിജെപി തെലങ്കാന ഘടകം നല്‍കിയ അപ്പീലാണ് തള്ളിയത്.

🙏 അസമിലെ മൂന്ന് മുന്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയില്‍ നിന്ന് രണ്ട് എം.എല്‍.എ മാരും അസം ഗണ പരിഷത്തിന്റെ ഒരാളുമാണ് കോണ്‍ഗ്രസിലെത്തിയത്.

🙏 നവജാത ശിശുക്കളെ തട്ടിയെടുത്ത് വില്‍ക്കുന്ന വമ്പന്‍ റാക്കറ്റിനെ പിടികൂടി ദില്ലി പൊലീസ്. ആഗ്രസ്വദേശിയായ ഡോക്ടര്‍ അടക്കം പത്തു പേരാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായവരില്‍ നാല് പേര്‍ സ്ത്രീകളാണ്. സംഘം കഴിഞ്ഞ രണ്ട് മാസത്തിനിടെ വില്‍പന നടത്തിയ ഒരു വയസില്‍ താഴെയുള്ള 5 കുഞ്ഞുങ്ങളെയും പൊലീസ് കണ്ടെത്തി.

🇦🇽 അന്തർദേശീയം 🇦🇽

🙏 നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്.

🙏 വടക്കന്‍ ജറുസലേമില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 12 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒരു ബസ് സ്റ്റോപ്പിലാണ് ആക്രമണമുണ്ടായത്. രണ്ട് പേരാണ് വെടിയുതിര്‍ത്തത്.

🙏 പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി ഫ്രാന്‍സിലെ എംപിമാര്‍. ഒരു വര്‍ഷത്തിനിടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ഫ്രാന്‍സ്വ ബെയ്റോ.

🙏യുഎസിനോടും പാകിസ്താനോടും ഇന്ത്യ സ്വീകരിച്ച നിലപാടുകളില്‍ നിന്ന് ഇസ്രയേലിന് ഏറെ പഠിക്കാനുണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ നയ വിദഗ്ധന്‍ സാക്കി ശാലോം.

🏏 കായികം

🙏 സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നാഷണന്‍സ് കപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ശക്തരായ ഒമാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യ വെങ്കലം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1 ആയിരുന്നു.

Advertisement