തിരുവനന്തപുരം.ഒരാഴ്ചയോളം നീണ്ടുനിന്ന ഓണം വാരാഘോഷത്തിന് തലസ്ഥാനത്ത് ഇന്ന് സമാപനം. സാംസ്കാരിക ഘോഷയാത്ര ഗവർണർ രാജേന്ദ്ര വിശ്വനാദ് അർലേക്കർ ഫ്ലാഗ് ഓഫ് ചെയ്യും. സമാപന ഘോഷയാത്രയുടെ ഭാഗമായി കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
സെപ്റ്റംബർ മൂന്ന് മുതൽ നഗരത്തിൽ തുടങ്ങിയ ഓണാഘോഷം, നിശാഗന്ധിയും സെൻട്രൽ സ്റ്റേഡിയവും പൂജപ്പുര മൈതാനവുമടക്കം 33 വേദികൾ, 10000 ത്തിലധികം കലാകാരന്മാർ, തലസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാവിഷ്കാരം ദീപാലങ്കാരങ്ങൾ
ഇനി ഓണാഘോഷങ്ങൾക്ക് കൊട്ടിക്കലാശം. സമാപന സാംസ്കാരിക ഘോഷയാത്ര വൈകുന്നേരം വെള്ളയമ്പലത്ത് നിന്ന് ആരംഭിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കും. മണിക്കൂറുകൾ തലസ്ഥാന നഗരി താളലയത്തിൽ അമരും.
കലാകാരന്മാരും വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ചുള്ള അറുപത്തിലധികം ഫ്ലോട്ടുകളും ഘോഷയാത്രയിൽ അണിനിരക്കും
പൂക്കാവടി, ബാൻഡ് മേളം, ആഫ്രിക്കൻ ബാൻഡ്,തെയ്യം, ഓണപൊട്ടൻ അങ്ങനെ ഘോഷയാത്രയിലുണ്ടാവുക കണ്ണിന് ഇമ്പമുള്ള നിരവധി കാഴ്ചകൾ. മഹാരാഷ്ട്ര ആന്ധ്രപ്രദേശ് തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉള്ള ഗ്രാമീണ കലാരൂപങ്ങളും ശ്രദ്ധ നേടും. ഇതോടെ തലസ്ഥാനത്ത് അടുത്ത ഓണക്കാലത്തിനുള്ള കാത്തിരിപ്പ്.
































