തിരുവിതാംകൂർ. ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് അഖില ഭാരത അയ്യപ്പ സേവ സംഘം. സംഗമത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സർക്കാരിനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി വിശദീകരണം തേടി. സുരേഷ് ഗോപി സംഗമത്തിൽ പങ്കെടുത്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ പരിഹാസം.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ലെന്ന് അഖിലഭാരത അയ്യപ്പ സേവാ സംഘം അറിയിച്ചു. അയ്യപ്പസേവാ സംഗമത്തിൽ പങ്കെടുക്കുന്നവർ ശരണം വിളിക്കുന്നവരെങ്കിലും ആയിരിക്കണമെന്നും സേവാസംഘം വിമർശിച്ചു. ക്ഷണമുണ്ടെങ്കിലും സംഗമത്തിൽ പങ്കെടുക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. യഥാർത്ഥ ഭക്തർ സംഗമത്തിൽ പങ്കെടുക്കുമെന്നും വ്യാജമായി അഭിനയിച്ച് നടക്കുന്നവർ പങ്കെടുക്കില്ലെന്നും മന്ത്രി വി. ശിവൻകുട്ടി.
അയ്യപ്പനെ രാഷ്ട്രീയ കേന്ദ്രമാക്കാൻ സി.പി.ഐക്ക് താല്പര്യമില്ലെന്ന് ബിനോയ് വിശ്വം.ആഗോള അയ്യപ്പ സംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിവാക്കണമെന്ന് കെ. രാധാകൃഷ്ണൻ എം.പി പറഞ്ഞു. ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്ത ഹർജിയിൽ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും ഹൈക്കോടതി വിശദീകരണം തേടി. ഹൈന്ദവം ഫൗണ്ടേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.






































