തിരുവനന്തപുരം. പോലീസ് മർദ്ദന ദൃശ്യങ്ങൾ വാർത്തയായതിനിടെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപക്ഷ
നേതാവ് ഓണസദ്യ കഴിച്ചതിൽ കോൺഗ്രസിനുള്ളിൽ വിവാദം പുകയുന്നു.മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വിമർശിച്ചതിൽ തനിക്ക് വിരോധമില്ലെന്നും,എവിടെ പറയണമെന്ന് പറഞ്ഞവർ ആലോചിക്കണമെന്നും വി.ഡി സതീശന്റെ മറുപടി.കെ സുധാകരന്റെയും വി.ഡി സതീശന്റെയും
ശൈലി രണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്ന ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രിയുടെ ഓണവിരുന്നിൽ പങ്കെടുത്തതിനെതിരെയായിരുന്നു കെ.സുധാകരന്റെ വിമർശനം. പല വിധ വിവാദങ്ങൾ കൊണ്ട്
തലവേദന പിടിച്ചിരിക്കുന്ന കോൺഗ്രസിന് അടുത്ത പ്രഹരമായിരുന്നു സുധാകരന്റെ വിമർശനം.
എന്നാൽ പക്വതയുള്ള പ്രതികരണം മതിയെന്ന് അനൗദ്യോഗികമായി നേതാക്കൾ നിലപാടെടുത്തു.
വിമർശിച്ചതിൽ വിരോധമില്ലെന്ന് മറുപടി നൽകിയ വി.ഡി സതീശൻ പരസ്യ പ്രതികരണം
നടത്തിയതിലെ നീരസം മറച്ചു വെച്ചില്ല
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാകട്ടെ ഇരു നേതാക്കളുടെയും ശൈലീ വ്യത്യാസം പറഞ്ഞു
ഒഴിഞ്ഞു. പ്രതിപക്ഷ നേതാവിനെ ന്യായീകരിച്ചായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെയും നിലപാട്
ഒരിടവേളയ്ക്ക് ശേഷം പാർട്ടിക്കുള്ളിൽ വീണ്ടും കെ സുധാകരൻ – വി.ഡി.സതീശൻ പോരിലേക്ക്
പുതിയ സാഹചര്യം പോകുമോയെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്.തിരഞ്ഞെടുപ്പ് വർഷത്തിൽ
പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നം പരമാവധി പറഞ്ഞു തീർക്കാനായിരിക്കും നേതൃത്വം ശ്രമിക്കുക.


































