കൊച്ചി : മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യയുണ്ടതിന് മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. താൻ വിമർശനത്തിന് അതീതനല്ലെന്നും മുതിർന്നവർക്ക് തന്നെ വിമർശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും സുധാകരൻ പറഞ്ഞതിനോട് തനിക്ക് വെറുപ്പോ വിദ്വേഷമോ വിരോധമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘ഞാൻ വിമർശനത്തിന് അതീതനായ ആളല്ല.
എന്റെ ഭാഗത്തുനിന്നു തെറ്റുണ്ടായാൽ വിമർശിക്കാനുള്ള അവകാശം സാധാരണ പാർട്ടി പ്രവർത്തകർക്കു വരെയുണ്ട്. അദ്ദേഹം മുതിർന്ന അംഗവും കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ്. അദ്ദേഹം പറഞ്ഞതിനോട് വെറുപ്പോ വിദ്വേഷമോ വിരോധമോ ഇല്ല. അവർക്ക് എന്നെ വിമർശിക്കാനുള്ള പൂർണമായ സ്വാതന്ത്ര്യമുണ്ട്. പിന്നെ എവിടെ പറയണം, എങ്ങനെ പറയണം എന്നത് ഓരോരുത്തരും തീരുമാനിക്കേണ്ടതാണ്. എനിക്ക് പരാതിയില്ല.’’– സതീശൻ പറഞ്ഞു
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സ്വീകരിച്ച നിലപാട് പൂർണ ബോധ്യത്തോടെ പാർട്ടി കൂട്ടായി എടുത്തതാണെന്നും സതീശൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകരിൽനിന്നു തന്നെ പ്രതിപക്ഷ നേതാവിനെതിരെ വലിയ തോതിലുള്ള ആക്രമണമുണ്ടാകുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തീരുമാനങ്ങളും നിലപാടുമെടുക്കുന്ന ആളുകള്‍ക്ക് എതിർപ്പുണ്ടാകും. കേരളം മുഴുവൻ അലയടിച്ചു മുന്നോട്ടു വന്നാലും ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നിലപാടുകളിൽ മാറ്റമുണ്ടാകില്ല. അതു ബോധ്യങ്ങളിൽനിന്ന് കൂട്ടായി എടുത്ത തീരുമാനമാണ്. അതിന്റെ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. പക്ഷേ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ല. പരിശോധിച്ച് ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മുതിർന്ന നേതാക്കൾ ഒരുമിച്ചെടുത്ത തീരുമാനമാണ്. അതു പൂർണമായും ശരിയുമാണ്’’– സതീശൻ പറഞ്ഞു.
കുന്നംകുളം പൊലീസ് സ്റ്റേഷൻ മർദനത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും ഇതിൽ ഒത്തുതീർപ്പില്ലെന്നും സതീശൻ പറഞ്ഞു. അവരെ സസ്പെൻഡ് ചെയ്തതു കൊണ്ട് മാത്രമായില്ല. ക്രിമിനലുകളായ പൊലീസുകാരെ സംരക്ഷിക്കുന്ന നടപടി അനുവദിക്കാൻ പറ്റില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘‘മുഖ്യമന്ത്രി മിണ്ടുന്നില്ല. മറുപടി പറയാനുള്ള ബാധ്യത ആ സ്ഥാനത്തിരിക്കുന്ന ആള്‍ക്കുണ്ട്. അതിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നു. മനുഷ്യരെ തല്ലിക്കൊല്ലുന്ന പൊലീസാണ്. പീച്ചിയിലെ സംഭവം പൂഴ്ത്തിവച്ചു.
കുന്നംകുളത്തെ സംഭവം പൂഴ്‍ത്തിവച്ചു. മേലുദ്യോഗസ്ഥർ ഇതൊക്കെ അറിഞ്ഞിട്ടും പൂഴ്‍ത്തിവച്ചു. മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലേ? സ്പെഷൽ ബ്രാഞ്ച് പിന്നെ എന്തിനാണ്? കേരളത്തിലെ സ്റ്റേഷനുകളിൽ ഇത്തരം കാര്യങ്ങൾ നടക്കുന്നത് ഇന്റലിജൻസ് അറിഞ്ഞിട്ടില്ല എന്നാണോ പറയുന്നത്? അവർ അറിയുകയും അത് റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാൽ ഭരണനേതൃത്വത്തിൽ ഇരിക്കുന്നവരും അധികൃതരും ഇതു പൂഴ്‍ത്തിവച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തുകയാണ്’’– സതീശൻ ആരോപിച്ചു.






































