തിരുവനന്തപുരം.കേരള ക്രിക്കറ്റ് ലീഗിൻ്റെ ഫൈനൽ ഇന്ന്. നിലവിലെ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയിലഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്സും തമ്മിലാണ് ഫൈനൽ പോരാട്ടം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകുന്നേരം 6.30നാണ് മത്സരം.
ടൂർണമെന്റിൽ മൃഗീയ ആധിപത്യം പുലർത്തിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ഫൈനലിലെത്തിയത്. ഗ്രൂപ്പ് റൗണ്ടിൽ കളിച്ച പത്തിൽ എട്ടും വിജയിച്ചു. സെമി ഫൈനലിൽ കാലിക്കറ്റിനെ 15 റൺസിന് കീഴടക്കി. ദേശീയ ടീമിനൊപ്പം ചേർന്നതിനാൽ സഞ്ജു സാംസണിന്റെ അഭാവമാണ് തിരിച്ചടി. എന്നാൽ സഞ്ജുവില്ലാതെ തന്നെ കഴിഞ്ഞ കളികളിൽ വിജയിച്ചത് ആത്മവിശ്വാസം പകരും. ടൂർണമെൻ്റിൽ പതിനൊന്ന് ഇന്നിംഗ്സുകളിൽ നിന്നായി 344 റൺസ് എടുത്ത വിനു മനോഹരനാണ് ബാറ്റിംഗ് നിരയുടെ കരുത്ത്. ശക്തമായ മധ്യനിരയും തകർത്തടിക്കാൻ കെൽപ്പുള്ള വാലറ്റവും കൂടിച്ചേരുമ്പോൾ കൊച്ചിക്ക് ബാറ്റിംഗിൽ വലിയ പ്രതീക്ഷയുണ്ട്. 14 വിക്കറ്റുകൾ നേടിയ കെ.എം ആസിഫ് നയിക്കുന്ന ബൗളിംഗ് നിരയും ശക്തം.
ഏരീസ് കൊല്ലം സെയിലേഴ്സിൻ്റെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. 10 മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച് മൂന്നാം സ്ഥാനക്കാരാണ് കൊല്ലം സെമിയിൽ എത്തിയത്. സെമിയിൽ തൃശ്ശൂരിനെ 10 വിക്കറ്റിന് തകർത്തത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. ക്യാപ്റ്റൻ സച്ചിൻ ബേബി തന്നെയാണ് കൊല്ലത്തിന്റെ ബാറ്റിംഗ് കരുത്ത്. ശക്തമായ ബാറ്റിംഗ് ലൈനപ്പും കൊല്ലത്തിന്റെ പ്രതീക്ഷകൾ ഇരട്ടിയാക്കുന്നു. 16 വിക്കറ്റുകൾ നേടി ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനായ അമൽ എ.ജിയിലാണ് ബൗളിംഗ് പ്രതീക്ഷ. കരുത്തരുടെ പോരാട്ടത്തിൽ ടോസും നിർണായകമാവും.

































