തിരുവനന്തപുരം: ബീഡി – ബീഹാർ പോസ്റ്റ് വിവാദത്തെ തുടർന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗത്തിൻ്റെ ചുമതല വി ടി ബൽറാം രാജിവെച്ചു.ദേശീയ തലത്തിൽ പോസ്റ്റ് വിവാദമായതിനെ തുടർന്ന് കോൺഗ്രസിൻ്റെ സംസ്ഥാന നേതൃത്വം രാജി ചോദിച്ചു വാങ്ങുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു.
കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് ഹാൻഡിലിൽ വന്ന ബീഡി-ബിഹാർ പോസ്റ്റ് തെറ്റായിപ്പോയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞിരുന്നു. കോൺഗ്രസ് കേരളയുടെ എക്സിൽ വന്ന പോസ്റ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പിശക് പറ്റിയെന്നും ജാഗ്രതക്കുറവും സൂക്ഷ്മതക്കുറവും ഉണ്ടായെന്നും സണ്ണി ജോസഫ് പറഞ്ഞു.
പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റ് വന്നത് തെറ്റായിപ്പോയി. അതിന് ഉത്തരവാദികളായ അഡ്മിനും ഓപ്പറേറ്റർമാരും ഖേദംപ്രകടിപ്പിച്ചിട്ടുണ്ട്. ആ നിലപാട് തെറ്റായിരുന്നുവെന്നാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസ് ഒരിക്കലും അംഗീകരിക്കുന്നില്ല. അത് കറക്ട് ചെയ്യാൻ വേണ്ടി ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. പിശക് വന്നിട്ടുണ്ട്. വിടി ബൽറാമിനാണ് ചാർജ് ഉള്ളത്. സംസാരിച്ചിട്ടുണ്ട്- സണ്ണി ജോസഫ് പ്രതികരിച്ചരിരുന്നത് ഇങ്ങനെയായിരുന്നു.
ബുധനാഴ്ച ജിഎസ്ടി കൗൺസിൽ തീരുമാനിച്ച പുതിയ നിരക്കുകൾ അനുസരിച്ച്, നേരത്തെയുണ്ടായിരുന്ന 28 ശതമാനത്തിന് പകരം ബീഡിക്ക് 18 ശതമാനം നികുതി ഈടാക്കുമെന്ന് അറിയിച്ചിരുന്നു. ബീഡി പൊതിയുന്ന ഇലകളുടെ നികുതി നിരക്ക് 18 ശതമാനത്തിൽനിന്ന് 5 ശതമാനമായും ജിഎസ്ടി കൗൺസിൽ കുറച്ചിരുന്നു.അതേസമയം പുകയില, സിഗരറ്റ് പോലുള്ള ഏതാനും ഇനങ്ങൾക്കായി 40 ശതമാനത്തിന്റെ ഒരു പ്രത്യേക സ്ലാബും നിർദ്ദേശിക്കപ്പെട്ടു. ഇതിന് പിന്നാലെയായിരുന്നു കോൺഗ്രസ് കേരളയുടെ എക്സ് ഹാൻഡിലിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.





































