വാർത്താനോട്ടം

Advertisement

2025 സെപ്തംബർ 06 ശനി

BREAKING NEWS

👉കരുനാഗപ്പള്ളി
അരമത്ത്മoത്ത് മദ്യലഹരിയിൽ യുവാക്കൾ ഓടിച്ചകാർ ഇടിച്ച് വഴിയോര കച്ചവടക്കാരനായ തൊടിയൂർ സ്വദേശി സുബൈർ കുട്ടി മരിച്ചു.

👉ചക്കുവള്ളി പുതിയകാവ് റൂട്ടിട്ടിലായിരുന്നു ഇന്നലെ രാത്രി യുവാക്കളുടെ അഭ്യാസം. ഒരു സ്കൂട്ടർ യാത്രികനും പരിക്കുണ്ട്.

👉നാട്ടുകാർ പിന്തുടർന്ന് കാർ പിടികൂടി.ഒരാൾ ഒഴികെ മറ്റുള്ളവർ ഓടി രക്ഷപെട്ടു.കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി.

👉കൊല്ലം മാറനാട്ട് അയൽവാസിയുടെ കുത്തേറ്റ് ശ്യാം സുന്ദർ എന്ന യുവാവിന് ദാരുണാന്ത്യം.ധനേഷ് എന്ന യുവാവ് പിടിയിൽ

👉 മസ്തിഷ്ക്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സുൽത്താൻ ബത്തേരി സ്വദേശി രതീഷ് മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളജിൽ 10 പേർ ചികിത്സയിൽ.

👉 വയനാട് കാട്ടിക്കുളം മണ്ണുണ്ടിയിൽ കാട്ടാന ആക്രമണത്തിൽ ചേലൂർ ഉന്നതിയിലെ ചിന്നന് ഗുരുതര പരിക്ക്

👉 കൊല്ലം മടത്തറയിൽ ഥാർജീപ്പ് വീട്ടിലേക്ക് ഇടിച്ച് കയറി തൗഫിക് എന്ന യുവാവിന് ഗുരുതര പരിക്ക്.

👉 ഇന്നലെ ചെറുപുഴയിൽ കുളിക്കാനിറങ്ങി കാണാതായ തൻഹ (10)ന് വേണ്ടി തിരിച്ചിൽ തുടങ്ങി.

👉 തൃശൂർ മണ്ണൂത്തി കാർഷിക സർവ്വകലാശാലയിലെ സെമസ്റ്റർ ഫീസുകൾ കുത്തനെ കൂട്ടി

👉മുംബൈയിൽ ഭീകരാക്രമണമെന്ന വ്യാജസന്ദേശം നൽകിയ ബീഹാർ സ്വദേശിയായ ജോത്സ്യൻ അശ്വിനികുമാർ പിടിയിൽ

👉 കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പും, വെർച്ച്വൽ അറസ്റ്റും. വീട്ടമ്മയ്ക്ക് നഷ്ടമായത് 2 കോടി 88 ലക്ഷം രൂപ.

👉 പാതി വില തട്ടിപ്പ് പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ച് വിട്ടു. സംഘതലവൻ എം ജെ സോജനെ വിജിലൻസിലേക്ക് മാറ്റി

🌴കേരളീയം 🌴

🙏 സംസ്ഥാനത്ത് ഓണക്കാല മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം. ഉത്രാടം വരെയുളള പത്തു ദിവസത്തെ മദ്യവില്‍പ്പനയിലാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ദ്ധനവുണ്ടായത്. 826 കോടി രൂപയുടെ വില്‍പ്പനയാണ് ഓണനാളുകളില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 776 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാട ദിനത്തില്‍ മാത്രം 137 കോടി രൂപയുടെ മദ്യം വിറ്റു. ആറു ഷോപ്പുകളില്‍ ഒരു കോടിക്കു മുകളിലാണ് വില്‍പ്പന.

🙏 യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ മര്‍ദ്ദിച്ച നാലു ഉദ്യോഗസ്ഥരും കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്നും നടപടിയെടുത്തില്ലെങ്കില്‍ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോണ്‍ഗ്രസ് നടത്തുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

🙏 തിരുവോണ ദിവസം ‘കൊലച്ചോറ് സമര’വുമായി യൂത്ത് കോണ്‍ഗ്രസ്. തൃശ്ശൂര്‍ ഡിഐജി ഓഫീസിന് മുമ്പിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ ‘കൊലച്ചോറ് സമരം’ നടക്കുന്നത്. കുന്നംകുളത്തെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് പ്രതീകാത്മക സമരം.

🙏 തൃശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസുകാര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡിജിപി റവാഡാ ചന്ദ്രശേഖര്‍. കസ്റ്റഡി മര്‍ദനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും സംഭവത്തില്‍ കടുത്ത നടപടി ഉണ്ടാകുമെന്നും ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ കര്‍ശന പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

🙏 തിരുവോണ ദിനം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ പുതിയ അംഗമെത്തി. നാല് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കിട്ടിയത്. കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു. കുഞ്ഞ് നിലവില്‍ ആയമാരുടെ പരിചരണത്തിലാണ്. ഈ വര്‍ഷം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ കിട്ടുന്ന പത്താമത്തെ കുഞ്ഞാണ് തുമ്പ.

🙏 ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവിയിലേക്ക് തന്നെ പരിഗണിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഓസ്‌കര്‍ ജേതാവായ സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. തന്നോട് ഔദ്യോഗികമായി ആരും പദവിയെ കുറിച്ച് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

🙏 പാലക്കാട് പുതുനഗരത്ത് സ്ഫോടനം നടന്നത് എസ്ഡിപിഐ സ്വാധീന മേഖലയിലാണെന്നും എസ്ഡിപിഐ വിജയിച്ച വാര്‍ഡിനോട് ചേര്‍ന്നാണ് സ്ഫോടനം നടന്നതെന്നും ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. സ്ഫോടനം നടന്ന വീട്ടിലെ മൂന്നുപേരും സജീവ എസ്ഡിപിഐ പ്രവര്‍ത്തകരാണ്.

🙏 രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗിക ആരോപണ കേസില്‍ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച് സംഘം ബെംഗ്ലൂരൂവിലേക്ക്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിലാണ് തെളിവെടുപ്പ് നടത്തുന്നത്. യുവതി ചികില്‍സ തേടിയ ബെംഗളൂരുവിലെ ആശുപത്രിയില്‍ എത്തും.

🙏 ബാലരാമപുരം മേഖലയില്‍ മൂന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മോഷണം . വില്ലേജ് ഓഫീസ്, ആയുര്‍വേദ ആശുപത്രി, കൃഷിഭവന്റെ കീഴിലുള്ള ചെടി നഴ്സറി എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. വില്ലേജ് ഓഫീസിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് ഓഫീസിലെ മേശയിലുണ്ടായിരുന്ന മൂന്ന് ലാപ്ടോപ്പുകള്‍ കവര്‍ന്നതായി കണ്ടെത്തി.

🙏 പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കും സുരക്ഷാ ജീവനക്കാരനും നേരെ കയ്യേറ്റം. ചുനങ്ങാട് സ്വദേശി ഗോപകുമാര്‍ ആണ് ഡോക്ടറെ കയ്യേറ്റം ചെയ്തത്.

🙏 കേരളത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം വേണമെന്ന് സുപ്രീംകോടതിയല്‍ ഹര്‍ജി. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ ആണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

🙏 മലയാളി യുവാക്കള്‍ അടക്കം രാജ്യാന്തര ലഹരികടത്ത് സംഘത്തിലെ 6 പേര്‍ ദില്ലി പൊലീസ് പിടിയില്‍. ദില്ലിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമായാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് 21 കോടിരൂപ വിലവരുന്ന 7 കിലോ മെത്താംഫെറ്റാമൈനാണ് പിടികൂടിയത്.

🙏 ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസുമായി ബന്ധപ്പെട്ട് ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് എസ്ഐടി അറിയിച്ചിരിക്കുന്നത്. ധര്‍മ്മസ്ഥലയില്‍ ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സ്ത്രീകളുടെ നിരവധി മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് മനാഫ് വീഡിയോയിലൂടെ അവകാശപ്പെട്ടിരുന്നു.

🇳🇪 ദേശീയം 🇳🇪

🙏 യു.എസ് ചുമത്തിയ ഉയര്‍ന്ന തീരുവ മൂലം പ്രതിസന്ധിയിലായ കയറ്റുമതിക്കാരെ സംരക്ഷിക്കാന്‍ പ്രത്യേക ആശ്വാസ പാക്കേജ് ഉടന്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സാഹചര്യം ഉടന്‍ മാറുമെന്നു പറഞ്ഞ ധനമന്ത്രി കയറ്റുമതിക്കാരെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും പറഞ്ഞു.

🙏 അജിത് കുമാര്‍ നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയ്ക്ക് എതിരെ ഹര്‍ജി. തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിച്ചുവെന്നും ഇത് പകര്‍പ്പവകാശ നിയമ ലംഘനമാണെന്നും ഇളയരാജ ഹര്‍ജിയില്‍ പറയുന്നു.

🙏 അണ്ണാ ഡിഎംകെയില്‍ ഐക്യത്തിന് ആഹ്വാനം ചെയ്തുള്ള മുതിര്‍ന്ന നേതാവ് സെങ്കോട്ടയ്യന്റെ പ്രസ്താവന പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. സെങ്കോട്ടയ്യന്റെ പ്രസ്താവന പ്രവര്‍ത്തകരുടെ വികാരമെന്ന് പ്രതികരിച്ച് ശശികല രംഗത്തെത്തി. തന്റെ സിരകളിലൂടെ ഒഴുകുന്നത് എഐഎഡിഎംകെ രക്തമെന്നാണ് സെങ്കോട്ടയ്യന്‍ പിന്നീട് പ്രതികരിച്ചത്.

🙏 രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളിലും റോഡ് സുരക്ഷാ പാഠങ്ങള്‍ പ്രാദേശിക ഭാഷകളില്‍ പഠിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പ്രാദേശിക ഭാഷകളില്‍ റോഡ് സുരക്ഷാ വിദ്യാഭ്യാസം നല്‍കുന്നത് ഉത്തരവാദിത്തമുള്ള പൗരരെ വളര്‍ത്താന്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

🙏 മുംബൈയില്‍ ബോംബ് സ്ഫോടനം നടത്തുമെന്നും 400 കിലോഗ്രാം ആര്‍.ഡി.എക്സുമായി 34 മനുഷ്യബോംബുകള്‍ സജ്ജമാണെന്നുമുള്ള വാട്ട്സ് ആപ്പ് ഭീഷണി സന്ദേശത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മുംബൈ ട്രാഫിക് പൊലീസിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ആണ് ഇന്നലെ സന്ദേശം എത്തിയത്.

🙏 ബീഹാറിനെ ബീഡിയോട് ഉപമിച്ച കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സമൂഹമാധ്യമ പോസ്റ്റിനെതിരെ ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ്. ഇത് തെറ്റാണെന്നും യോജിക്കുന്നില്ലെന്നും തേജസ്വി പ്രതികരിച്ചു.

🙏 ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് മുംബൈ പൊലീസ് . കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസില്‍ പ്രതികളായതിനെ തുടര്‍ന്നാണ് ഈ നടപടി.

🙏 മഹാരാഷ്ട്രയിലെ സോളാപുരിലെ അനധികൃത ഖനനം തടയാനെത്തിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥയെ ഉടന്‍തന്നെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍.

🙏 അധ്യാപക ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഒരു വ്യക്തിയുടെ അന്തസ്സിനും സുരക്ഷയ്ക്കും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ പോലെ വിദ്യാഭ്യാസവും അനിവാര്യമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.

🇦🇽 അന്തർദേശീയം 🇦🇺

🙏 ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയെയും റഷ്യയെയും നമ്മള്‍ കൂടുതല്‍ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നുവെന്നും അവര്‍ക്ക് ദീര്‍ഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെയെന്നുമാണ് ട്രംപിന്റെ പരിഹാസം.

🙏 അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇരട്ടി തീരുവ ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍. നടപ്പു സാമ്പത്തിക പാദത്തില്‍ ഇത് പ്രതിഫലിക്കുമെന്നും എന്നാല്‍ ഏറെക്കാലം ഇത് നില്‍ക്കില്ലെന്നും വി അനന്ത നാഗേശ്വരന്‍ പറഞ്ഞു.

🙏 ട്രംപിന്റെ ഉപദേശകനായ പീറ്റര്‍ നവാരോ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ ഇന്ത്യ. റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ വിമര്‍ശിക്കവേ, ‘ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ബ്രാഹ്‌മണര്‍ ലാഭം കൊയ്യുകയാണെ’ന്ന് നവാരോ നടത്തിയ പ്രസ്താവന തെറ്റാണെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു.

🙏 കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത ഓസ്ട്രിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഗുന്തര്‍ ഫെഹ്ലിംഗര്‍-ജാന്റെ എക്സിലെ അക്കൗണ്ടിന് ഇന്ത്യയില്‍ നിരോധനം. ഇന്ത്യയെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്തും മോദി റഷ്യയുടെ ആളെന്നും കുറ്റപ്പെടുത്തിയ എക്സിലെ കുറിപ്പ് വലിയ തോതില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്.

🙏 പ്രതിരോധ വകുപ്പിന്റെ പേര് യുദ്ധ വകുപ്പ് എന്ന് മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി ഇനി മുതല്‍ സെക്രട്ടറി ഓഫ് വാര്‍ എന്നറിയപ്പെടും. പുതിയ പേര് ദൃഢനിശ്ചയത്തിന്റെ സന്ദേശം നല്‍കാന്‍ ആണെന്നാണ് ഡൊണാള്‍ഡ് അവകാശപ്പെടുന്നത്.

Advertisement