കുന്നംകുളം പോലീസ് സ്റ്റേഷനിലെ മൂന്നാംമുറ,പരാതിയിൽ നിന്ന് പിന്മാറുന്നതിന് തനിക്ക് പോലീസുകാർ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് സുജിത്ത്

Advertisement

തൃശൂര്‍. കുന്നംകുളം പോലീസ് സ്റ്റേഷനിലെ മൂന്നാംമുറയിൽ നിർണായക വെളിപ്പെടുത്തലുമായി മർദ്ദനമേറ്റ വിഎസ് സുജിത്ത്. പരാതിയിൽ നിന്ന് പിന്മാറുന്നതിന് തനിക്ക് പോലീസുകാർ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് സുജിത്ത് ചാനലിനോട് വെളിപ്പെടുത്തി . ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും നടപടിയെടുക്കുന്നത് ചർച്ച ചെയ്യാൻ ഉന്നത തലയോഗം ചേരും.

പോലീസ് സ്റ്റേഷനിൽ ഉണ്ടായ ക്രൂരമർദ്ദനത്തിൽ നിയമ പോരാട്ടങ്ങളുമായി വിഎസ് സുജിത്ത് ഉറച്ചു നിന്നതോടെയാണ് പ്രതികളായ പോലീസുകാർ പണം വാഗ്ദാനം ചെയ്തത്. 20 ലക്ഷം രൂപ വാഗ്ദാനം ചെയ്ത പോലീസുകാർ വേണമെങ്കിൽ സുജിത്ത് ആവശ്യപ്പെടുന്ന പണം നൽകാമെന്നും നേരിട്ടും ഇടനിലക്കാർ വഴി അറിയിച്ചു.

മർദ്ദനദിവസം ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവർ സുഹൈറിനെ കേസിൽ പ്രതിചേർത്തിട്ടില്ല. തന്നെ മർദ്ദിച്ചവരിൽ പ്രധാനിയായിരുന്നു സുഹൈറെന്നും വിഎസ് സുജിത്ത് പറയുന്നു.

അതേസമയം, നേരത്തെ ക്രൈം റെക്കോർഡ് ബ്യൂറോ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും പുറത്തുവന്നു. ക്രൂരമർദ്ദനം സ്ഥിരീകരിക്കുന്ന റിപ്പോർട്ടിൽ പോലീസ് വീഴ്ച അക്കമിട്ട് നിരത്തുന്നുണ്ട്. പുതിയ ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. റെയിഞ്ച് ഡിജിഐജി ആർ ഹരിശങ്കറിനെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേർന്ന് നടപടി സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.

Advertisement