കാസർഗോഡ്: അമ്പലത്തറയിൽ ഒരു കുടുംബത്തിലെ നാലുപേർ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കുടുംബത്തിലെ ഇളയ മകനായ രാകേഷാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി.
കഴിഞ്ഞ 28-നാണ് പറക്കളായി സ്വദേശികളായ ഓടാംപുളിക്കാലിൽ ഗോപി, ഭാര്യ ഗീത, മക്കളായ രഞ്ജിഷ് , രാകേഷ് എന്നിവർ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആസിഡ് കഴിച്ച വിവരം മകൻ തന്നെയാണ് ബന്ധുവിനെ വിളിച്ച് അറിയിച്ചത്.
ആശുപത്രിയിലേക്ക് പോകും വഴി ഗോപിയും ഗീതയും രഞ്ജിഷും മരിച്ചു. ഗുരുതരമായി പരുക്കേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാകേഷും ഇന്ന് മരണത്തിന് കീഴടങ്ങി. കുടുംബത്തിന് വലിയ കടബാധ്യതകളോ മറ്റു പ്രശ്നങ്ങളോ ഉള്ളതായി അറിവില്ലെന്ന് നാട്ടുകാർ പറയുന്നു.
































