വാർത്താനോട്ടം

Advertisement


2025 സെപ്തംബർ 04 വ്യാഴം

BREAKING NEWS

👉കൊല്ലം ഓച്ചിറയിൽ
ജീപ്പും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. ഇന്ന് രാവിലെ 6 മണിയോടെ ഓച്ചിറ വലിയകുളങ്ങരയിൽ ആണ് സംഭവം.

👉മരിച്ച മൂന്നുപേരും തേവലക്കര സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു.

👉നിരവധി പേർക്ക് അപകടത്തിൽ പരിക്ക് ഏറ്റിട്ടുണ്ട്. ജീപ്പ് ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം എന്നാണ് നിഗമനം.

👉 ചേർത്തലയിലേക്ക് പോവുകയായിരുന്ന ബസ്, എതിർദിശയിൽനിന്ന് വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

👉കുന്നംകുളം സ്റ്റേഷൻ മർദ്ദനം:പരാതി പിൻവലിക്കാൻ 20 ലക്ഷം രൂപാ വരെ വാഗ്ദാനം ചെയ്തതായി വി എസ് സുജിത്ത്

👉 കുന്നംകുളം മർദ്ദനത്തിൽ പങ്കെടുത്ത 5 ൽ 4 പോലീസുകാർക്കെതിരെ മാത്രം കേസ്

👉 പോലീസ് ഡ്രൈവറെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനെ തിരെയും പോരാട്ടം തുടരുമെന്നും കോൺഗ്രസ്

👉 രാഹുൽ മാങ്കൂട്ടത്തിലിന്നെതിരായ ലൈംഗികാരോപണ പരാതിയിൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായി ക്രൈം ബ്രാഞ്ച് എഫ് ഐ ആർ കോടതിയിൽ സമർപ്പിച്ചു.

👉പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നും എഫ് ഐ ആർ

👉മന്ത്രിമാരുടെയും എം എൽ എ മാരുടെയും ശമ്പളം വർദ്ധിപ്പിക്കാൻ തീരുമാനം

🌴കേരളീയം 🌴

🙏 യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ച സംഭവത്തില്‍ ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കി തൃശൂര്‍ ഡിഐജി ഹരിശങ്കര്‍. ക്രൂരമര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് നടപടി. പരാതി ഉയര്‍ന്ന അന്ന് തന്നെ നടപടി എടുത്തെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നാലു ഉദ്യോഗസ്ഥര്‍ക്കും രണ്ട് വര്‍ഷത്തെ ഇന്‍ക്രിമെന്റ് കട്ട് ചെയ്യുകയും സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

🙏 ആഗോള അയ്യപ്പ സംഗമത്തെ വിഭാഗീയമായി കാണേണ്ടതില്ലെന്നും വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. കേസുകള്‍ പിന്‍വലിക്കുന്നതില്‍ പിടിവാശിയില്ലെന്നും കോടതിയില്‍ വരുമ്പോള്‍ ആവശ്യമായ നടപടിയെടുക്കുമെന്നും സമയം വരുമ്പോള്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

🙏 കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നു. അടുത്ത 5 ദിവസം കൂടി മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അതിനാല്‍ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🙏 കശുവണ്ടി കുംഭകോണ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് തുടര്‍നടപടി എടുക്കാത്തതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ്. ആരോപണവിധേയമായ തോട്ടണ്ടി പരിശോധിക്കാന്‍ ഏജന്‍സികള്‍ക്ക് കഴിയുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ജസ്റ്റിസ് ശ്യാംകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

🙏 തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാതി നല്‍കി വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അഡ്വ. എം. മുനീറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. 15 ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

🙏 തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ ഗൈഡ് വയര്‍ കുരുങ്ങിയ സുമയ്യ മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ മൊഴി നല്‍കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു തെളിവെടുപ്പ്.

🙏 തൃശ്ശൂര്‍ ലുലു മാള്‍ പദ്ധതിയില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ആര്‍ക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും നിയമത്തിന് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു.

🙏 കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി. സരിന് എതിരെ പരാതി ഉന്നയിച്ച ട്രാന്‍സ്ജന്‍ഡര്‍ യുവതി രാഗ രഞ്ജിനിക്ക് മറുപടിയുമായി ഭാര്യ ഡോ. സൗമ്യ സരിന്‍. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണമെന്നും മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നിയമപരമായി മുന്നോട്ടു പോകണമെന്നും പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നുമായിരുന്നു സൗമ്യയുടെ ഫെയ്സ്ബുക് പോസ്റ്റ്.

🇳🇪 ദേശീയം 🇳🇪

🙏രാജ്യത്തെ ജിഎസ്ടി നിരക്കുകള്‍ 5%, 18% എന്നീ രണ്ട് സ്ലാബുകളായി ചുരുക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

🙏 പുതിയ പരിഷ്‌കരണങ്ങള്‍ അനുസരിച്ച് നിരവധി നിത്യോപയോഗ സാധനങ്ങളടക്കം 175 ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും. ടൂത്ത്പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഹെയര്‍ ഓയില്‍ തുടങ്ങിയവ ഇനി 5% ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടും. 2500 രൂപ വരെ വിലയുള്ള വസ്ത്രങ്ങള്‍ക്കും ചെരുപ്പുകള്‍ക്കും നികുതി 5 ശതമാനമായി കുറയും.

🙏 പനീര്‍, വെണ്ണ, ചപ്പാത്തി, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയെ ജിഎസ്ടിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കി. വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി. ടി.വി., സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ഓട്ടോ പാര്‍ട്സ്, മൂന്ന് ചക്ര വാഹനങ്ങള്‍, രാസവളം, കീടനാശിനികള്‍ എന്നിവയ്ക്ക് 18% നികുതിയായിരിക്കും. ആഡംബര കാറുകള്‍, സ്വകാര്യ വിമാനങ്ങള്‍, വലിയ കാറുകള്‍, ഇടത്തരം കാറുകള്‍ എന്നിവയ്ക്ക് 40% ജിഎസ്ടി ചുമത്തും.

🙏 പാന്‍ മസാല, സിഗരറ്റ്, ഗുട്ട്ക, ചവയ്ക്കുന്ന പുകയില പോലുള്ള മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍, സര്‍ദ പോലുള്ള ഉല്‍പ്പന്നങ്ങള്‍, ബീഡി എന്നിവക്ക് 40 ശതമാനം ജി എസ് ടി ചുമത്തിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പഞ്ചസാര, മധുരപലഹാരങ്ങള്‍, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, പഴച്ചാറുകള്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, പഴച്ചാറുകള്‍ അടങ്ങിയ കാര്‍ബണേറ്റഡ് പാനീയങ്ങള്‍, മദ്യം ഇല്ലാത്ത പാനീയങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സാധനങ്ങളും 40 ശതമാനം ജി എസ് ടിയുടെ പരിധിയില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

🙏 രാജ്യതലസ്ഥാനം വെള്ളപ്പൊക്ക ഭീഷണിയില്‍, രൗദ്രഭാവം പൂണ്ട് യമുനാ നദി. യമുന നദിയിലെ ജലനിരപ്പ് ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന നിലയായ 207.41 മീറ്ററിലെത്തിയതോടെ ദില്ലി നഗരത്തിലെ നദീതീരങ്ങളില്‍ വെള്ളപ്പൊക്കം. രാത്രി 9 മണിയോടെയാണ് മിക്കയിടത്തും വെള്ളം കയറിയത്. 1978 ലും 2023 ലും ഉണ്ടായ വെള്ളപ്പൊക്കത്തിലായിരുന്നു യമുന നദിയിലെ ജലനിരപ്പ് റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്ന മറ്റ് രണ്ട് സാഹചര്യം.

🙏 ധര്‍മസ്ഥല വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ മൂന്നുദിവസത്തേക്ക് കൂടി എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. സെപ്റ്റംബര്‍ 6 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന എസ്ഐടി വാദം പരിഗണിച്ചാണ് നടപടി.അതേ സമയം ധര്‍മസ്ഥല വെളിപ്പെടുത്തലിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന എന്ന സംശയത്തിലാണ് എസ്ഐടി.

🙏 ഫെഡറല്‍ അവകാശങ്ങളും നിയമ നിര്‍മാണാധികാരങ്ങളുമില്ലാത്ത കേവലം നഗരസഭകളാക്കി സംസ്ഥാനങ്ങളെ മാറ്റരുതെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍. രാഷ്ട്രപതിയുടെ റഫറന്‍സിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന പശ്ചിമ ബംഗാള്‍, കര്‍ണാടക, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ എതിര്‍ത്തു.

🙏 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മക്കെതിരായ അസഭ്യ മുദ്രാവാക്യത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ബി ജെ പി തീരുമാനം. രാഹുല്‍ ഗാന്ധി നയിച്ച് വോട്ടര്‍ അധികാര്‍ യാത്രക്കിടെ ബിഹാറില്‍ ഉയര്‍ന്ന അസഭ്യ മുദ്രാവാക്യത്തില്‍ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും മാപ്പ് പറയണമെന്നതാണ് ആവശ്യം. ഇതിന്റെ ഭാഗമായി ഇന്ന് ബിഹാറില്‍ എന്‍ ഡി എ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

🙏 രാഹുല്‍ ഗാന്ധിയുടെ വോട്ട് കവര്‍ച്ച ആരോപണത്തിലെ ഹൈഡ്രജന്‍ ബോംബ് ഭീഷണി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയെ കുറിച്ചാണെന്ന് സൂചിപ്പിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായ്.

🙏 ഭാരത് രാഷ്ട്ര സമിതി (ബി.ആര്‍.എസ്) പാര്‍ട്ടിയില്‍ നിന്നും കെ. കവിത രാജിവെച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും എം.എല്‍.സി സ്ഥാനവും രാജിവെച്ചതായി കവിത അറിയിച്ചു. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കവിതയുടെ രാജി. നിയമസഭാ കൗണ്‍സില്‍ ചെയര്‍മാന് രാജിക്കത്ത് നല്‍കിയ അവര്‍, പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും ഉപേക്ഷിക്കുന്നതായി അറിയിച്ചു.

🙏 ഭീകരതക്കെതിരെ
യുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ അറിയിച്ച് ജര്‍മ്മനി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ജര്‍മ്മന്‍ വിദേശകാര്യമന്ത്രി ജൊഹന്‍ വാദഫുലും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം.

🙏 ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അശ്ലീല മറുപടിയുമായി കോണ്‍ഗ്രസ് എംഎല്‍എ. ഉത്തര കന്നടയിലെ ഹലിയാല്‍ മണ്ഡലത്തിലെ എംഎല്‍എയായ ആര്‍ വി ദേശ്പാണ്ഡെയാണ് മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്.

🙏 ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച പീറ്റര്‍ നവാരോയെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംഘത്തില്‍നിന്ന് നീക്കണമെന്ന് അമേരിക്കയിലെ ഹിന്ദു സംഘടനയായ ഹിന്ദൂസ് എഗെയ്ന്‍സ്റ്റ് ഡിഫമേഷന്‍ ആവശ്യപ്പെട്ടു.

🙏 ചത്തീസ്ഗഢില്‍ ഗണേശോത്സവത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് എസ്യുവി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബഗിച്ച പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജുരുദണ്ഡ് ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്.

🇦🇺 അന്തർദേശീയം 🇦🇽

🙏 ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനൊപ്പം ചൈന സന്ദര്‍ശനത്തിനെത്തിയവരില്‍ അദ്ദേഹത്തിന്റെ മകള്‍ കിം ജു-എയും. കിം ജോങ് ഉന്നിന് ശേഷം മകള്‍ കിം ജു-എ ആയിരിക്കും ഉത്തര കൊറിയയുടെ ഭരണാധികാരിയാവുകയെന്ന ഊഹാപോഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് കൗമാരക്കാരിയായ കിം ജു-എ പിതാവിനൊപ്പം ചൈനയിലെത്തിയത്.

🙏 ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് ലഭിക്കാത്തതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കടുത്ത ഇച്ഛാഭംഗമുണ്ടെന്ന് അമേരിക്കന്‍ സ്ട്രാറ്റജിക് അഫയേഴ്‌സ് വിദഗ്ധന്‍ ആഷ്‌ലി ജെ. ടെല്ലിസ്. ഈ വിഷയത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടെന്ന തോന്നല്‍ ട്രംപിനുണ്ടെന്ന് എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

🙏 ഇന്ത്യയുടെ മേല്‍ ചുമത്തിയ തീരുവ പൂര്‍ണമായും നീക്കം ചെയ്യണമെന്ന് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട് നയതന്ത്ര വിദഗ്ധനും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി പ്രൊഫസറുമായ എഡ്വേഡ് പ്രൈസ്.

🙏 രക്തചന്ദ്രന്‍ എന്നറിയപ്പെടുന്ന പൂര്‍ണ്ണ ചന്ദ്രഗ്രഹണം ലോകമെമ്പാടും സെപ്റ്റംബര്‍ 7-8 തീയതികളില്‍ ദൃശ്യമാകും. അപൂര്‍വ ആകാശ വിസ്മയത്തില്‍, ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ കടന്നുപോകും. ഈ സമയം, ചന്ദ്രോപരിതലത്തില്‍ നിഴല്‍ വീഴ്ത്തി ചുവപ്പും ഓറഞ്ചും കലര്‍ന്ന തിളക്കം നല്‍കും.

🏏കായികം

⚽ദേശീയ സീനിയർ വനിതാ ഫുട്ബാളിനുള്ള കേരള ടീമിനെ എസ് ആര്യ ശ്രീനയിക്കും. വടക്കാഞ്ചേരിയിൽ 11 മുതൽ 15 വരെയാണ് മത്സരങ്ങൾ.

⚽ സബ് ജൂനിയർ പെൺകുട്ടികളുടെ ദേശീയ ഫുട്ബോളിൽ കേരളത്തിന് രണ്ടാംസ്ഥാനം.

🏏 ദുലീപ് ട്രോഫി ക്രിക്കറ്റിൻ്റെ സെമി ഫൈനൽ മത്സരങ്ങൾ ഇന്നു മുതൽ ബംഗ്ലൂരുവിൽ നടക്കും

Advertisement