വാർത്താനോട്ടം

Advertisement

2025 സെപ്തംബർ 03 ബുധൻ

BREAKING NEWS

👉ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് പങ്കെടുത്തേക്കില്ല, വാർത്താ സമ്മേളനം രാവിലെ 10.15ന്

👉വിസി ഇടപെട്ട് മിനിട്ട്സ് തിരുത്തിയെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ

👉തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വോട്ട് ശാസ്തമംഗലത്ത്

👉ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെ സുന്ദർ നഗറിലുണ്ടായ മണ്ണിടിച്ചിലിൽ 6 മരണം. രക്ഷാപ്രവർത്തനം തുടരുന്നു

👉 മധ്യപ്രദേശിലെ ഇൻഡോറിൽ നവജാത ശിശുക്കളെ എലി കടിച്ചു, ഒരു കുഞ്ഞ് മരിച്ചു

👉ഇടുക്കി മുന്നാർ ചുറ്റുപാറ എസ്റ്റേറ്റിൽ പടയപ്പ ജനവാസ മേഖലയിൽ വാഹനം തടഞ്ഞു, കൃഷി നാശവും വരുത്തി

👉പ്രധാനമന്ത്രിയുടെ അമ്മയ്ക്കെതിരായ പരാമർശം: ബീഹാറിൽ നാളെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ എൻ ഡി എ ഹർത്താൽ.

🌴കേരളീയം🌴

🙏 കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന പങ്കെടുക്കും. ദേവസ്വം വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ നടന്ന യോഗത്തിലാണ് ഭക്തരുടെ പങ്കാളിത്തം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ അവതരിപ്പിച്ചത്.

🙏 സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം. വാരാഘോഷം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 9 ന് ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് വൈകിട്ട് മാനവീയം വീഥിയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

🙏 സംസ്ഥാനത്തെ ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം പ്രകാരം തിരുവോണ ദിവസമായ സെപ്തംബര്‍ 5 ന് സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ഉത്രാട ദിവസമായ നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും മഞ്ഞ അലര്‍ട്ട് ഉണ്ടായിരിക്കും.

🙏 സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്ന് ഇന്നും നാളേയും 1500 രൂപയ്ക്കോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കുന്നതാണ്. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപ വിലയ്ക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.

🙏 നെല്‍ കര്‍ഷകര്‍ക്കുള്ള സംസ്ഥാന ഉല്‍പാദന ബോണസിന് 100 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ വര്‍ഷം സംഭരിച്ച നെല്ലിന്റെ സംസ്ഥാന ഉല്‍പാദന ബോണസ് വിഹിതം പൂര്‍ണമായും അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ 100 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചത്.

🙏 വയോജനരംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് രാജ്യത്താദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷന്‍ ഇന്ന് ചുമതലയേല്‍ക്കും. മുന്‍ രാജ്യസഭാംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിലടക്കം പല മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ച സാമൂഹ്യ പ്രവര്‍ത്തകനുമായ കെ സോമപ്രസാദ് ചെയര്‍പേഴ്‌സണായ അഞ്ചംഗ കമ്മീഷനാണ് ഇന്ന് സ്ഥാനമേല്‍ക്കുന്നത്.

🙏 തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി വോട്ടര്‍മാര്‍ ഇടംപിടിച്ചു. പുരുഷ വോട്ടര്‍മാര്‍ 1.33 കോടിയും സ്ത്രീ വോട്ടര്‍മാര്‍ 1.49 കോടിയും പ്രവാസി വോട്ടര്‍മാര്‍ 2087 പേരും ട്രാന്‍സ് ജന്‍ഡര്‍ വോര്‍ട്ടര്‍മാരും 276പേരുമാണുള്ളത്. 2020 ല്‍ ഉണ്ടായിരുന്നത് 2.76 കോടി വോട്ടര്‍മാരായിരുന്നു. അന്തിമ വോട്ടര്‍ പട്ടിക കണക്കില്‍ നേരിയ വ്യത്യാസത്തിന് സാധ്യതയുണ്ടെന്നും കരട് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നത് 2.66 കോടി വോട്ടര്‍മാരായിരുന്നെന്നും കമ്മീഷന്‍ അറിയിച്ചു.

🙏 സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും 49.3 കോടി രൂപ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായാണ് അനുവദിച്ചത്. ഈ തുക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആശുപത്രികള്‍ക്ക് നല്‍കിയതായും മന്ത്രി പറഞ്ഞു.

🙏 മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ക്കും ജാമ്യം. തൊടുപുഴ പൊലീസ് ബംഗലൂരുവില്‍ നിന്ന് പിടികൂടിയ മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബര്‍ എന്നിവര്‍ക്കാണ് തൊടുപുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. നാലുപേര്‍ക്കുമെതിരെ വധശ്രമം , അന്യായമായി തടഞ്ഞുവയ്ക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകളായിരുന്നു തൊടുപുഴ പൊലീസ് ചുമത്തിയിരുന്നത്. എന്നാല്‍ ആശുപത്രി രേഖകള്‍ പ്രകാരം ഗുരുതരമായ പരിക്കില്ലെന്നും വധശ്രമം നിലനില്‍ക്കില്ലെന്നും പ്രതി ഭാഗം അഭിഭാഷകന്‍ വാദിച്ചു . ഇതേ തുടര്‍ന്നാണ് കോടതി നാലുപേര്‍ക്കും ജാമ്യം അനുവദിച്ചത്.

🙏 തിരുവനന്തപുരം ശിശുക്ഷേമസമിതിയില്‍ കുട്ടികളെ ഉപദ്രവിച്ച കേസില്‍ പുറത്താക്കിയ ആയമാര്‍ക്ക് വീണ്ടും നിയമനം. പിരിച്ചുവിട്ട ഒമ്പത് ആയമാരില്‍ ആറുപേരെയാണ് വീണ്ടും സര്‍ക്കാര്‍ നിയമിച്ചത്. സിപിഎം ഇടപെടലിനെ തുടര്‍ന്നാണ് ആറുപേര്‍ക്കും വീണ്ടും സര്‍ക്കാര്‍ നിയമനം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയെ ആയമാര്‍ ക്രൂരമായി മര്‍ദിച്ച സംഭവമുണ്ടായത്.

🙏 യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളില്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ആശങ്ക രേഖപ്പെടുത്തി. അപ്രതീക്ഷിത ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ അടിയന്തരമായി നല്‍കേണ്ട കാര്‍ഡിയോ പള്‍മനറി റീസസിറ്റേഷന്‍ പോലുള്ള ജീവന്‍രക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്ന് കെജിഎംഒഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

🙏 സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക ബിന്ദു. സംഭവത്തില്‍ ജാഗ്രത കുറവുണ്ടായെന്ന് പ്രധാനാധ്യാപിക ബിന്ദു പറഞ്ഞു.

🙏 എരഞ്ഞിപ്പാലത്തെ ആണ്‍ സുഹൃത്തിന്റെ വാടകവീട്ടില്‍ വിദ്യാര്‍ഥിനി ആയിഷ റഷ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് ബഷീറുദ്ദീന്‍ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

🇳🇪 ദേശീയം 🇳🇪

🙏 പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് പഞ്ചാബിലെ എഎപി എംഎല്‍എ. സനൗറില്‍നിന്നുള്ള എംഎല്‍എയായ ഹര്‍മീത് പഠാന്‍മജ്‌റ പൊലീസിനു നേര്‍ക്ക് വെടിയുതിര്‍ത്ത് രക്ഷപ്പെട്ടു.

🙏 ദില്ലി കലാപത്തിലെ ഗൂഢാലോചന കേസില്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ദില്ലി ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത്. ഉമറിന്റെയും ഷര്‍ജീലിന്റെയും പങ്ക് ഗുരുതരമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

🙏 പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിയുടെ അമ്മക്കുമെതിരെ അസഭ്യ മുദ്രാവാക്യം വിളിച്ചതിനെതിരെ എന്‍ഡിഎ നാളെ ബീഹാറില്‍ ബന്ദിന് ആഹാനം നല്കി.

🙏 ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ റഫറന്‍സില്‍ വാക്കാല്‍ നീരീക്ഷണവുമായി സുപ്രീംകോടതി. ചില സംഭവങ്ങളുടെ പേരില്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

🙏 കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യിലെ ഒരു ഡയലോഗില്‍ മാറ്റംവരുത്തുമെന്ന് നിര്‍മാതാക്കള്‍.

🙏 രണ്ട് വ്യത്യസ്ത നിയമസഭാമണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ പവന്‍ ഖേരയുടെ പേരുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് ന്യൂഡല്‍ഹിയിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ്.

🙏 തെലുങ്കാന മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയെ ബിആര്‍എസ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളുടെ പേരിലാണ് നടപടി.

🇦🇴 അന്തർദേശീയം 🇦🇺

🙏 സുഡാനിലെ ദര്‍ഫര്‍മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ഗ്രാമം പൂര്‍ണമായി ഒഴുകിപ്പോകുകയും ആയിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. വടക്കന്‍ തര്‍സീന്‍ ഗ്രാമത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ ശേഷിക്കുന്നത് എന്നാണ് സുഡാന്‍ ലിബറേഷന്‍ ആര്‍മി വ്യക്തമാക്കിയത്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത വിധം ഒറ്റപ്പെട്ടിരിക്കുകയാണ് ഈ മലയോര പ്രദേശം.

🙏 പാകിസ്ഥാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുന്നതിനിടെ പ്രളയത്തെ ഒരു ‘ദൈവാനുഗ്രഹമായി’ വിശേഷിപ്പിച്ച് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്.

🙏അഫ്ഗാനിസ്ഥാനി
ലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1,400 കവിഞ്ഞു. സഹായം തേടി താലിബാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. 6 തീവ്രതയുള്ള ഭൂകമ്പം പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ കുനാര്‍ പ്രവിശ്യയിലുടനീളമുള്ള മുഴുവന്‍ ഗ്രാമങ്ങളെയും തകര്‍ത്തു.

🙏 പാകിസ്ഥാനുമായുള്ള തങ്ങളുടെ അടുത്ത ബന്ധം കാരണം ആഗോള വേദികളില്‍ ഇന്ത്യ പ്രതികാരം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അസര്‍ബൈജാന്‍. ഷാങ്ഹായ് സഹകരണ സംഘടനയില്‍ പൂര്‍ണ്ണ അംഗത്വത്തിനുള്ള ശ്രമം ഇന്ത്യ തടഞ്ഞുവെന്ന് അസര്‍ബൈജാന്‍ ആരോപിച്ചു.

🙏 സൈനിക പരേഡില്‍ പങ്കെടുക്കാന്‍ കിം ജോങ് ഉന്‍ ഇന്നലെ സ്വകാര്യ ബുള്ളറ്റ് പ്രൂഫ് ട്രെയിനില്‍ ചൈനയിലെത്തി. 2023 ന് ശേഷമുള്ള കിമ്മിന്റെ ആദ്യ വിദേശ യാത്രയാണിത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ നേതാവ് വ്‌ളാഡിമിര്‍ പുടിനുമായും കിം കൂടിക്കാഴ്ച നടത്തും.

🙏 ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയില്‍ കൂടുതല്‍ വിലക്കിഴിവ് നല്‍കി റഷ്യ. ബാരലിന് മൂന്നുഡോളര്‍ മുതല്‍ നാലുഡോളര്‍ വരെ വിലക്കിഴിവാണ് നല്‍കുന്നത്.

🙏 ഇന്ത്യയുമായുള്ള റഷ്യയുടെ ബന്ധത്തെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, തങ്ങള്‍ക്കും റഷ്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ നേരിട്ടറിയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.

🏏കായികം🏑

🙏സംസ്ഥാന സബ് ജൂനിയർ ബാസ്ക്കറ്റ്ബാളിൽ ആൺകുട്ടികളുടെ വിദാ ഗ ത്തിൽ ആലപ്പുഴയും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും ചാമ്പ്യൻന്മാരായി

🙏 എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ഇന്ത്യൻ പുരുഷ ടീം ഇന്ന് ബഹറിനെ നേരിടും.

Advertisement