തിരുവനന്തപുരം: ഓണത്തെ വരവേല്ക്കാനൊരുങ്ങി സംസ്ഥാന തലസ്ഥാനം.സംസ്ഥാന സർക്കാർ ഒരുക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം. വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, തമിഴ് നടൻ ജയം രവി, നടനും സംവിധായകനുമായ ബേസിൽ ജോസഫ് എന്നിവർ പങ്കെടുക്കും.
ദീപാലംകൃതമായ നഗരത്തിന്റെ സൗന്ദര്യവും വിവിധ കലാരൂപങ്ങളും ആസ്വദിക്കാൻ ഇന്ന് മുതൽ അവസരം.
വാരാഘോഷത്തിന് സമാപനം കുറിച്ച് 9 ന് വെള്ളയമ്പത്ത് നിന്ന് ആരംഭിക്കുന്ന വർണാഭമായ ഘോഷയാത്ര ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്ലാഗ് ഓഫ് ചെയ്യും.
ജില്ലയിൽ 33 വേദികളിലായാണ് കലാ പരിപാടികൾ അരങ്ങേറുന്നത്. 4000 പാരമ്പര്യ കലാകാരൻമാർ ഉൾപ്പെടെ പതിനായിരം പേർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. 5,6,7 ദിവസങ്ങളിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ ഡ്രോൺ ഷോ നടത്തും. പത്തു രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ പ്രത്യേക അതിഥികളായി വാരാഘോഷത്തിൽ പങ്കെടുക്കുമെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി എന്നിവർ അറിയിച്ചു.






































