ഗവര്‍ണറുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വിട്ട് മന്ത്രിമാര്‍ രാജ്ഭവനിലെത്തി. മന്ത്രിമാരായ വി ശിവന്‍കുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവരാണ് രാജ്ഭവനില്‍ നേരിട്ടെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്. സര്‍ക്കാരിന്റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയശേഷം ഓണക്കോടിയും സമ്മാനിച്ചാണ് മന്ത്രിമാര്‍ രാജ്ഭവനില്‍ നിന്ന് മടങ്ങിയത്.
സര്‍വകലാശാലകളിലെ വിസി നിയമന തര്‍ക്കം, കാവിക്കൊടിയേന്തിയ ഭാരതാംബ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യമായി മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉള്‍പ്പെടുത്തിയുള്ള പരിപാടിയില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഓണം ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് ഗവര്‍ണറെ മന്ത്രിമാര്‍ നേരിട്ടെത്തി ക്ഷണിച്ചത്. ഓണം വാരാഘോഷ സമാപന ദിവസത്തെ ഘോഷയാത്ര ഫ്ലാഗ് ഓഫ് ഗവര്‍ണര്‍ നിര്‍വഹിക്കും.
































