ശബരിമല യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായം: എം. വി. ഗോവിന്ദന്‍

Advertisement

തൃശൂര്‍: മതത്തെയും വിശ്വാസത്തെയും ഉപയോഗിച്ച് രാഷ്ട്രീയ അധികാരത്തിലേക്കുള്ള പ്രവേശന പ്രക്രിയയുടെ പേരാണ് വര്‍ഗീയതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഐഎം വിശ്വാസികള്‍ക്കൊപ്പമാണെന്നും വര്‍ഗീയവാദികള്‍ക്കൊപ്പമല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്ത് നല്ല അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അയ്യപ്പ സംഗമം ഭൂരിപക്ഷ പ്രീണനമാണെന്നാണ് വര്‍ഗീയവാദികള്‍ പറയുന്നത്. രാഷ്ട്രീയമായ ഉദ്ദേശത്തോട് കൂടി മതത്തെയും വിശ്വാസത്തെയും ഉപയോഗപ്പെടുത്തുന്നവരുടെ പേരാണ് വര്‍ഗീയവാദികള്‍. മതത്തെയും വിശ്വാസത്തെയും ഉപയോഗിച്ച് രാഷ്ട്രീയ അധികാരത്തിലേക്കുള്ള പ്രവേശന പ്രക്രിയയുടെ പേരാണ് വര്‍ഗീയത. ആ വര്‍ഗീയവാദികളാണ് ആഗോള അയ്യപ്പ സംഗമത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത്. അതിന് പിന്നില്‍ വിശ്വാസികളല്ലെന്നും’ എം വി ഗോവിന്ദന്‍ പറഞ്ഞു. വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല. വിശ്വാസം ഉപകരണമായി ഉപയോഗിക്കുന്നവരാണ് വര്‍ഗീയവാദികള്‍. വര്‍ഗീയവാദികളുടെ പ്രചാരവേലയ്‌ക്കൊപ്പം നില്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കിട്ടില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Advertisement