തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യ്ക്കെതിരായ കേസിൽ പരാതിക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ തുടങ്ങി. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തെന്ന കേസിലാണ് നടപടി. പരാതിക്കാരിൽ ഒരാളായ അഡ്വക്കേറ്റ് ഷിന്റോയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്. നിലവിൽ ആറു പരാതികളാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്.
പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്. നിലവിൽ ആറ് പരാതികളാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ളത്. ഇതേവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. പരാതിക്കാർ ഇരയെ കുറിച്ച് തെളിവുകളോ കൈമാറിയാൽ അവരുടെ മൊഴിയെടുക്കും. രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവർത്തകരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. രാഹുലിനെതിരെ കേസെടുത്ത കാര്യം ക്രൈംബ്രാഞ്ച് നിയമസഭ സ്പീക്കറുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.
ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിൽ ഒരു വിഭാഗം രാഹുലിന് പിന്തുണ നൽകുകയാണ്. എന്നാല്‍, വിശദീകരണം പോലും ചോദിക്കാതെ സസ്പെന്‍ഡ് ചെയ്തതിലെ അതൃപ്തിയിലാണ് എ ഗ്രൂപ്പ്. ഈ മാസം പതിനഞ്ചിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ അവധിയെടുത്ത് മാറി നിൽക്കുന്നതാണ് വിഷയത്തിൽ ഭരണപക്ഷത്തിന്‍റെ വായടിപ്പിക്കാൻ നല്ലതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ അനുകൂലിക്കുന്നവരുടെ പക്ഷം.മണ്ഡലത്തിലെത്തിയാൽ തടയുമെന്ന് ഡിവൈഎഫ്ഐയും പ്രഖ്യാപിച്ചിട്ടുണ്ട്.






































