അജ്ഞാത വാഹനം ഇടിച്ച് കൈ അറ്റുപോയ കോളേജ് അധ്യാപിക മരിച്ചു

Advertisement

പാലക്കാട്. കഞ്ചിക്കോട് അജ്ഞാത വാഹനം ഇടിച്ച് കൈ അറ്റുപോയ കോളേജ് അധ്യാപിക മരിച്ചു. ചക്കാന്തറ കൈക്കുത്തി പറമ്പ് സ്വദേശി
ആൻസിയാണ് മരിച്ചത്. ജോലിചെയ്യുന്ന കോയമ്പത്തൂർ എ ജെ കെ കോളജിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ ആയിരുന്നു അപകടം.

രാവിലെ 11 മണിയോടെ കഞ്ചിക്കോട് ദേശീയപാതയിൽ വച്ചായിരുന്നു അപകടം നടന്നത്. അജ്ഞാത വാഹനം തട്ടി സർവീസ് റോഡിലേക്ക് തെറിച്ചുവീണ കോളേജ് അധ്യാപിക ആൻസിയുടെ കൈ അറ്റു തൂങ്ങി. നാട്ടുകാരും ആംബുലൻസ് ഡ്രൈവർമാരും ഇടപെട്ട് പെട്ടെന്നുതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. പ്രത്യേക ഐസിയു ആംബുലൻസിൽ കോയമ്പത്തൂർ ഗംഗ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകും വഴി വാളയാറിൽ വച്ച് ആൻസി തീർത്തും അവശയാവുകയായിരുന്നു. വാളയാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് പെട്ടെന്ന് തന്നെ മാറ്റിയെങ്കിലും മരണം സംഭവിച്ചു. കൈ മുട്ടിനു താഴെ പൂർണമായി അറ്റുപോയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ആൻസിയെ ഇടിച്ച വാഹനം ഏതാണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അപകടം നടന്ന ഭാഗത്ത് സിസിടിവികൾ ഇല്ലാത്തതാണ് പോലീസ് അന്വേഷണത്തിന് തടസ്സം. തൊട്ടപ്പുറത്തെ മേഖലകളിലെ സിസിടിവികൾ പരിശോധിച്ചുവരികയാണ്. പാലക്കാട് ചക്കാന്തറ
സ്വദേശിയായ വിപിന്റെ ഭാര്യയാണ് ആൻസി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Advertisement