കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ബി.ഫാം വിദ്യാര്‍ഥിനിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി സ്വദേശി ആയിഷ റഷ (21) ആണ് മരിച്ചത്. മംഗളൂരുവില്‍ ബി,ഫാം വിദ്യാര്‍ഥിനിയാണ് ആയിഷ.
മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്നു ദിവസം മുന്‍പാണ് ആണ്‍സുഹൃത്ത് ബഷീറുദ്ദീന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറാണ് ബഷീറുദ്ദീന്‍. ഇയാള്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തതായും മര്‍ദിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു. ആയിഷ കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ സുഹൃത്ത് എരഞ്ഞിപ്പാലം സ്വദേശി ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.
ഇന്നലെ രാത്രിയാണ് ആയിഷ മരിച്ചത്. ബഷീറുദ്ദീന്‍ ആണ് ആയിഷയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ഭാര്യയെന്നാണ് ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞതെന്നും പിന്നീട് സുഹൃത്തെന്ന് പറഞ്ഞതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ആശുപത്രിയില്‍നിന്ന് അധികൃതര്‍ നടക്കാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ഥ മരണകാരണം എന്താണ് എന്നുള്ളത് വ്യക്തമാവുകയുള്ളൂ. കുറച്ച് കാലമായി വിദ്യാര്‍ഥിനി ഇവിടെ താമസിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
































