തിരുവനന്തപുരം .പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങവെ കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കണിയാപുരം സ്വദേശി അഭിജിത്തിന്റെ മൃതദേഹമാണ് ഇന്ന് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.ഇന്നലെ കടലിൽ കുളിക്കുന്നതിനിടയിൽ മൂന്നുപേർ തിരയിൽ പെടുകയായിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കണിയാപുരം സ്വദേശികളായ സുഹൃത്തുക്കൾ പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയത്. അഞ്ചു പേരിൽ മൂന്നുപേരും തിരയിൽ പെട്ടു.പ്ലസ് വൺ വിദ്യാർത്ഥികളായ നബീൽ,അഭിജിത് ആസിഫ് എന്നിവരാണ് തിരയിൽ പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആസിഫിനെ രക്ഷപ്പെടുത്തി.എന്നാൽ അഭിജിത്തിനെയും നബിലിനെയും കാണാതാവുകയായിരുന്നു. കോസ്റ്റുകാർഡും ഫയർഫോഴ്സും ചേർന്ന് രാത്രി വരെ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. കടൽ പ്രക്ദ്ധക്ഷുബ്ദ മായതിനാൽ ഇന്നലെ അർദ്ധരാത്രിയുടെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്നു പുലർച്ചെ പുത്തൻതോപ്പിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ അഭിജിത്തിന്റെ മൃതദേഹം കുടുങ്ങുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നബീലിന് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.





































