കൊച്ചി.പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരനെതിരായ പീഡന കേസ് വ്യാജമെന്ന് കണ്ടെത്തൽ..പീഡനപരാതിക്ക് പിന്നിൽ ഹണിട്രാപാണ് എന്ന് കർണാടക പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.കേസിലെ പരാതിക്കാരി ഉൾപ്പടെ 5 പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.
ഈ വർഷം ജൂണിലാണ് പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരനെയും മരുമകൻ അരുണിനെയും പ്രതിയാക്കി കർണാടക പൊലീസ് കേസെടുത്തത്.ബെംഗളൂരു ബാനസവാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിലാണ് പരാതിക്കാരി തന്നെ പ്രതിയായത്.ബെംഗ്ലരു സ്വദേശിനിയുടെ പരാതി വിശദമായി അന്വേഷിച്ച ബാനസവാടി പൊലീസാണ് പരാതിയുമായി ബന്ധപ്പെട്ട് കോടികളുടെ പണം ഇടപാട് നടന്നുവെന്ന് കണ്ടെത്തിയത്.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
പെരിങ്ങോട്ടുകരയിൽ ദേവസ്ഥാനത്തെ മുറിയിൽ വച്ച് അരുൺ ബലാത്സംഗം ചെയ്തെന്നായിരുന്നു രത്നയുടെ പരാതി.തുടർന്ന് കർണാടക പൊലീസ് അരുണിനെ അറസ്റ്റ് ചെയ്തു. കേസിൽ നിന്നൊഴിവാക്കാൻ രണ്ടുകോടി രൂപ പൊലീസ് ആവശ്യപ്പെട്ടതോടെ തന്ത്രിയുടെ കുടുംബം കർണാടക ആഭ്യന്തര മന്ത്രി ജി.പരിമേശ്വരയ്ക്ക് പരാതി നൽകി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
ബെംഗളൂരുവിൽ മസാജ് പാർലർ നടത്തുന്ന രത്ന, ഇവരുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോൻ, സഹായി സജിത്ത്, ആലം എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തന്ത്രി ഉണ്ണി ദാമോദരന്റെ സഹോദര പുത്രൻ കെവി പ്രവീണിനെ പൊലീസ് ഒന്നാം പ്രതിയാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.





































