തിരുവനന്തപുരം. കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യം. പരാതിയുമായി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം മുനീർ. കോൺഗ്രസ് നേതാവ് കൂടിയായ എം മുനീർ ഡിജിപിക്ക് പരാതി നൽകി
കടകംപള്ളി സുരേന്ദ്രനെതിരെ മാധ്യമങ്ങളിലൂടെ ഉയർന്ന് വന്ന ലൈംഗികാരോപണങ്ങൾ അന്വേഷിക്കണമെന്നും, നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യം. 2016 മുതൽ 2021 കാലഘട്ടത്തിൽ മന്ത്രിയായിരുന്ന കടകംപള്ളിക്കെതിരെ യു.എ.ഇ കോൺസുലേറ്റിൽ ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നതുമായ യുവതി മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
കടകംപള്ളി സുരേന്ദ്രൻ്റെ ഭാഗത്തുനിന്ന് മോശമായ സംഭാഷണവും ലൈംഗിക ദുരുദ്ദേശത്തോടുകൂടിയുള്ള പെരുമാറ്റവും ഉണ്ടായെന്നായിരുന്നു സ്വർണക്കടത്ത് കേസിൽ പ്രതി കൂടിയായ യുവതിയുടെ വെളിപ്പെടുത്തൽ. ഒരുസമ്മേളനത്തിൽ വെച്ച് ഫോട്ടോ എടുക്കുന്ന സമയം തൻ്റെ അനുവാദമില്ലാതെ കടകംപള്ളി സുരേന്ദ്രൻ തോളിൽ കൈയിട്ടുവെന്നും അത് ഇഷ്ടപ്പെടാതെ കൈതട്ടി മാറ്റിയെന്നും യുവതി പറഞ്ഞിരുന്നു. പല ദിവസങ്ങളിലും ഫോണിൽ ലൈംഗിക ചുവയോടെ സന്ദേശം അയക്കുമായിരുന്നുവെന്നും അവർ അന്ന് വെളിപ്പെടുത്തി. കടകംപള്ളിയുടെ പ്രവർത്തി ആ കാലയളവിലെ ഇന്ത്യൻ ശിക്ഷാനിയമം 354, 354 എ, 354 ഡി, 509 വകുപ്പുകൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. നടപടി പ്രഥമദൃഷ്ടിയിൽ കുറ്റകരമാണെന്നിരിക്കെ പൊലീസ് നിയമനടപടി സ്വീകരിക്കാതിരുന്നതും പരാതിയിൽ ചൂണ്ടിക്കാട്ടുണ്ട്.
വേണ്ടത്ര തെളിവുകളോ പരാതിക്കാരോ ഇല്ലാതെ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്ത സാഹചര്യത്തിലാണ് പഴയ കേസ് കുത്തിപ്പൊക്കി പരാതി നല്‍കുന്നത് എന്ന് വ്യക്തം. ചില ശബ്ദരേഖകളും ഹാജരാക്കുന്നുണ്ട് എന്നാണ് സൂചന.



































