കണ്ണപുരം സ്‌ഫോടനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Advertisement

കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് എസിപിക്കാണ് അന്വേഷണ ചുമതല. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത കണ്ണൂര്‍ ചാലാട് സ്വദേശി അനൂപ് മാലികിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അനൂപ് മാലികിനെ കാഞ്ഞങ്ങാടു നിന്നും പൊലീസ് പിടികൂടിയത്.


അനൂപ് മാലിക്കിനെതിരെ സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം അനൂപ് മാലിക്കിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. തുടര്‍ന്ന് പ്രതി അനൂപ് മാലിക്കിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കീഴറയിലെ സ്‌ഫോടനം നടന്ന സ്ഥലത്തും അനൂപ് മാലിക്കിനെ തെളിവെടുപ്പിന് എത്തിച്ചേക്കും.

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ വന്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ അനൂപിന്റെ ബന്ധു ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചത്. ഈ വീട് വാടകയ്‌ക്കെടുത്തത് അനൂപ് മാലികാണ്. ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ പടക്കം എത്തിച്ചു നല്‍കുന്നയാളാണ്. 2016ല്‍ കണ്ണൂര്‍ പൊടികുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച കേസിലും അനൂപ് പ്രതിയാണ്.

Advertisement