വാർത്താനോട്ടം

Advertisement

2025 ആഗസ്റ്റ് 31 ഞായർ

BREAKING NEWS

👉കോതമംഗലം കോട്ടപ്പടിയിൽ കാട്ടാനകിണറ്റിൽ വീണു.

👉കോതമംഗലം കുട്ടംമ്പുഴ പുഴയിൽ രണ്ട് കാട്ടാനകളുടെ ജഡം കണ്ടെത്തി.

👉 കോഴിക്കോട് ചുരം മത്സ്യ മാർക്കറ്റിൽ സംഘർഷം

👉 രാഹുൽ മാങ്കൂട്ടത്തിലിനെ തിരെ ഇതുവരെ ലഭിച്ചത് 10 പരാതികൾ

👉എറണാകുളത്ത് സീപോർട്ട് എയർപോർട്ട് റോഡിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല

👉തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവിൽ രേഖകൾ ആവശ്യപ്പെട്ട് പോലീസ്

👉ഡോ.രാജീവ് കുമാറിൻ്റെ സർവ്വീസ് ഹിസ്റ്ററി പരിശോധിക്കും.

👉പഞ്ചാബിൽ മഴക്കെടുതി രൂക്ഷം, 1018 ഗ്രാമങ്ങളിൽ ദുരിതം; അടിയന്തിര സഹായം ആവശ്യപ്പെട്ട് സർക്കാർ

🌴കേരളീയം 🌴

🙏 കോഴിക്കോടിനേയും വയനാടിനേയും ബന്ധിപ്പിക്കുന്ന, ഒപ്പം യാത്ര സുഗമമാക്കുന്ന ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത നിര്‍മാണ പ്രവൃത്തിക്ക് ഇന്ന് ഔദ്യോഗിക തുടക്കം. വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും ആകെ 8.735 കിലോമീറ്റര്‍ നീളം വരുന്ന കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് നടക്കും.

🙏 സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ സംഘടിപ്പിക്കും. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

🙏 71-ാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് വീയപുരം ചുണ്ടന്‍. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തില്‍ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിന്റെ കിരീട നേട്ടം. വിബിസി കൈനകരിയുടേതാണ് വീയപുരം ചുണ്ടന്‍. കഴിഞ്ഞ തവണ മില്ലിസെക്കന്‍ഡില്‍ കൈവിട്ടുപോയ കിരീടമാണ് ഇത്തവണ നേടിയെടുത്തത്.

🙏 മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദനം. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മര്‍ദിച്ചത്. ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴി മങ്ങാട്ട് കവലയില്‍ ആണ് സംഭവം. പരിക്കേറ്റ ഷാജന്‍ സ്‌കറിയ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🙏 സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഇന്നും തുറന്നു പ്രവര്‍ത്തിക്കും. ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും സ്പെഷ്യല്‍ അരിയുടെ വിതരണവും ഇന്നത്തോടെ പൂര്‍ത്തിയാകുന്നതാണ്. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷന്‍ ഇനിയും വാങ്ങാത്തവര്‍ ഇന്ന് തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് നാളെ റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും.

🙏 സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ വിദേശ നിക്ഷേപത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ ചില ആഗോള കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുകയാണെന്നും ഈ ആശുപത്രികള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത ചികിത്സയിലേക്ക് മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

🙏 മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഏറ്റെടുത്ത കല്‍പ്പറ്റയിലെ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമയ്ക്ക് 24 കോടി അനുവദിച്ചു. എസ്റ്റേറ്റ് ഉടമ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ച തുകയില്‍ നിന്നാണ് 24 കോടി രൂപ അനുവദിച്ചത്.

🙏 കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. ടിങ്കു ബിസ്വാളിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഉത്തരവിന് പിന്നാലെ ടിങ്കു ബിസ്വാള്‍ ചുമതലയേറ്റു.

🙏 കാസര്‍കോട് മധുവാഹിനി പുഴയോട് ചേരുന്ന തോട്ടില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെര്‍ക്കള പാടിയിലെ മിഥിലാജിന്റെ (12) മൃതദേഹം ആണ് കണ്ടെത്തിയത്.

🙏 കോഴിക്കോട് വടകര നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയര്‍ അജിത് കുമാര്‍, ഓവര്‍സീയര്‍ അനീഷ പി പി എന്നിവരെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

🙏 ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. തൃശ്ശൂര്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കാലടി സ്വദേശിനി ലിവിയ ജോസും തൃപ്പുണിത്തുറ സ്വദേശി നാരായണദാസുമാണ് കേസിലെ പ്രതികള്‍.

🇳🇪 ദേശീയം 🇳🇪

🙏 ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മലയാളിയായ ടി ജയന്തിന്റെ ബെംഗളൂരുവിലെ വീട്ടില്‍ പൊലീസ് പരിശോധന. വെളിപ്പെടുത്തല്‍ നടത്തുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്ത ചിന്നയ്യക്കൊപ്പമാണ് എസ്ഐടി സംഘം ജയന്തിന്റെ വീട്ടിലെത്തിയത്.

🙏 പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ മെഹുല്‍ ചോക്‌സിയുടെ ജാമ്യാപേക്ഷ ബെല്‍ജിയത്തിലെ അപ്പീല്‍ കോടതി വീണ്ടും തള്ളി. 6300 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം നയതന്ത്ര തലത്തില്‍ തുടരുന്നതിനിടെയാണ് കോടതിയെ സമീപിച്ചത്.

🙏 ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതം ദുസഹമാക്കി കനത്ത മഴ തുടരുന്നു. ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും മഴയിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം പതിനേഴായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

🙏 ദില്ലിയില്‍ പ്രസാദം നല്‍കാന്‍ വൈകിയതിന് ക്ഷേത്ര ജീവനക്കാരനെ യുവാക്കള്‍ അടിച്ചുകൊന്നു. യുവാക്കളിലൊരാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ജനമധ്യത്തില്‍ നടന്ന നടുക്കുന്ന സംഭവത്തിന്റ ദൃശ്യങ്ങള്‍ പുറത്തുവന്നു.

🇦🇺 അന്തർദേശീയം 🇦🇺

🙏 അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഇന്ന്. ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദി ചൈനയിലെ ടിന്‍ജിയാനില്‍ ഇന്നലെ എത്തി. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം അനിവാര്യമെന്ന് മോദി വ്യക്തമാക്കി. ഏഴു കൊല്ലത്തിനു ശേഷം ചൈനീസ് മണ്ണിലിറങ്ങിയ നരേന്ദ്ര മോദിക്ക് ഹൃദ്യമായ വരവേല്പാണ് ലഭിച്ചത്.

🙏 യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെയും നാളെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെയും കാണാനിരിക്കെയാണ് സെലന്‍സ്‌കിയുമായി മോദി സംസാരിച്ചത്.

🙏 വടക്കന്‍ ഗാസയിലെ ചില മേഖലയിലേക്കുള്ള സഹായ വിതരണം വീണ്ടും തടയാന്‍ ഇസ്രയേല്‍ സൈന്യം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഹമാസിനെ ലക്ഷ്യമിട്ട് ഗാസയില്‍ വീണ്ടും വ്യോമാക്രമണം നടത്താന്‍ തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍ ഗാസയില്‍ നിന്ന് താമസക്കാരെ തെക്കന്‍ ഗാസയിലേക്ക് ഒഴിപ്പിക്കാനുള്ള ശ്രമവും ഇതോടൊപ്പം നടത്തും.

🙏 ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഉല്‍പ്പാദനക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജപ്പാന്‍ സന്ദര്‍ശനം ഫലം ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനുമായി 13 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച നരേന്ദ്ര മോദി രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ശേഷം ഇന്ന് നടക്കുന്ന എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്നലെ ചൈനയിലെത്തി.

Advertisement