തൃശൂര്‍.ആംബുലൻസിന് വഴിയൊരുക്കാൻ ഗതാഗതക്കുരുക്കിലൂടെ ഓടിയ വനിത എ എസ് ഐ അപർണയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ആ ദൃശ്യങ്ങളിൽ പുതിയ ട്വിസ്റ്റ്. ആംബുലൻസിനുള്ളിൽ രോഗികൾ ഇല്ലായിരുന്നു എന്ന് എം വി ഡി. ഡ്രൈവർ സഹിതം ആംബുലൻസ് കസ്റ്റഡിയിലെടുത്ത് പിഴ ചുമത്തി.
ഇത്തരത്തിൽ ആംബുലൻസിന് വഴിയൊരുക്കാൻ കഷ്ടപ്പെടുന്നത് അപർണ്ണയുടെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ സംഭവമല്ല. ക്യാൻസർ രോഗികൾക്ക് വേണ്ടി മുടി മുറിച്ചു നൽകിയതും സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ ചേർത്തുനിർത്തുന്നതും ഇതേ അപർണ തന്നെ. എന്നാൽ ഒമ്പതാം തീയതി തൃശൂരിൽ ഗതാഗതക്കുരുക്കിൽപ്പെട്ട ആംബുലൻസിന് വഴിയൊരുക്കിയ ദൃശ്യങ്ങളിലെ ആംബുലൻസിനുള്ളിൽ രോഗികൾ ഉണ്ടായിരുന്നില്ല എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്. എം വി ഐ പി വി ബൈജുവിന് തോന്നിയ സംശയമാണ് കണ്ടെത്തലിൽ എത്തിയത്.
രോഗികൾ ഇല്ലാതിരുന്നിട്ടും സൈറൺ ഇട്ട് ആംബുലൻസ് ഓടിച്ചു. വാഹനത്തിന് വഴിയൊരുക്കിയ ഉദ്യോഗസ്ഥയോട് രോഗികൾ ഇല്ല എന്ന വിവരം പോലും ഡ്രൈവറോ നേഴ്സോ അറിയിച്ചില്ല. ഡ്രൈവർ ഫൈസലിനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ തുടർച്ചയായി അവഗണിച്ചു. തൊടുപുഴ സ്വദേശി അലന്റെ ഉടമസ്ഥതയിലാണ് ആംബുലൻസ്. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെ ആശുപത്രിയിൽ ഇറക്കി വിട്ടതിനു ശേഷം മറ്റൊരു രോഗിക്ക് വേണ്ടി പോകുകയായിരുന്നു എന്നാണ് ആംബുലൻസ് ഡ്രൈവറുടെ ന്യായീകരണം. വാഹനം ഓടിക്കുന്നതിനിടയിൽ ദൃശ്യങ്ങൾ പകർത്തിയതിലും രോഗികൾ ഇല്ലാതെ സൈറൻ ഇട്ട് ആംബുലൻസ് ഓടിച്ചതിനും ഇവർക്കെതിരെ നടപടി ഉണ്ടാകും.






































