ഓളപ്പരപ്പിന് തീപിടിക്കുന്ന ദിനമെത്തി, ജലരാജാവ് ആര്

Advertisement

ആലപ്പുഴ. ഓളപ്പരപ്പിന് തീപിടിക്കുന്ന ദിനമെത്തി. ജലരാജാവിനെ കണ്ടെത്താൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ അവസാനവട്ട ഒരുക്കത്തിൽ ആലപ്പുഴ. ആരാകും ഈ വർഷത്തെ ജലരാജാവ് എന്നതിൽ ആരാധകർക്കിടയിലും ആവേശ പോരാണ് നടക്കുന്നത്. നെഹ്റു ട്രോഫിയിൽ മുത്തമിടാൻ പുതിയ അവകാശികൾ ഉണ്ടാവുമോ എന്നതിലും ആകാംക്ഷകൾ ഉയരുകയാണ്

തുഴയും വള്ളവും, വെള്ളവും തമ്മിലുള്ള ആവേശൂരിൽ ആരു ജയിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.തുടർച്ചയായ ആറാം കിരീടം ലക്ഷ്യമിട്ട് പള്ളാത്തുരുത്തിയും, മൈക്രോ സെക്കൻഡുകൾക്ക് നഷ്ടപ്പെട്ട കിരീടം തിരികെ പിടിക്കാൻ വില്ലേജ് ബോട്ട് ക്ലബും, പാരമ്പര്യത്തിന്റെ കരുത്തിൽ കിരീടം തിരികെ പിടിക്കാൻ മറ്റു ക്ലബ്ബുകളും തുഴയെറിയുമ്പോൾ പുന്നമടയിലെ ഓളങ്ങൾക്ക് തീപിടിക്കും എന്ന് ഉറപ്പാണ്.വള്ളപ്പുരയിൽ നിന്നും കായലിലേക്ക് വള്ളങ്ങൾ ഇറങ്ങുമ്പോൾ മുതൽ തുടങ്ങുന്ന ആവേശം നാളെ ജലരാജാവ് നെഹ്റു ട്രോഫി ഉയർത്തും വരെ തുടരും.വാശിയേറിയ പോരാട്ടത്തിന് വേദിയാകുന്ന പുന്നമടയിൽ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. 71 നെഹ്റു ട്രോഫിയുടെ ആവേശം ആരാധകർക്കിടയിലും പടർന്നു കഴിഞ്ഞു

ആലപ്പുഴ ജില്ലയിലാകെ ശക്തമായ മഴ പെയ്യുന്നുണ്ട് എങ്കിലും കായലിലെ പോരിന് അതൊന്നും തടസ്സമാകില്ല എന്നാണ് ആരാധകരുടെ അവകാശവാദം. കൈ കരുത്തും, മെയ്ക്കരുത്തും ഒരുപോലെ ഒരുമിക്കുന്ന നെഹ്റു ട്രോഫിയിൽ പുന്നമടയുടെ പുതിയ രാജാവ് ആരെന്നറിയാൻ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം

Advertisement