ലൈംഗിക പീഡന പരാതി,വ്യാജ തിരിച്ചറിയൽ കാർഡ് കേസ്, രാഹുലിനെ വിടാതെ പിണറായി പൊലീസ്

Advertisement

തിരുവനന്തപുരം. രാഹുലിനെതിരായ അങ്കത്തിന് പലയിടത്തും തറയൊരുക്കിയും നിരന്തരം വാര്‍ത്തകളില്‍ നിറയ്ക്കാനുറച്ചും പിണറായിപൊലീസ് നീക്കം നടത്തുമ്പോള്‍ രാഹുൽ മാങ്കൂട്ടത്തിലിന് പാര്‍ട്ടിക്ക് പുറത്ത് പ്രതിരോധമൊരുക്കുന്നതെങ്ങനെയെന്ന് തലപുകച്ച് കോണ്‍ഗ്രസ്.

എതിരായ ലൈംഗിക പീഡന പരാതിയിൽ മൊഴികൾ ശേഖരിക്കാൻ ഒരുങ്ങി ക്രൈം ബ്രാഞ്ച്. ആദ്യഘട്ടത്തിൽ ദുരനുഭവം വെളിപ്പെടുത്തിയവരുടെ മൊഴിയാണ് ശേഖരിക്കുന്നത്. അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിലും ക്രൈംബ്രാഞ്ച് വ്യാപക പരിശോധന ആരംഭിച്ചു.

ഒരേസമയം ക്രൈംബ്രാഞ്ചിന്റെ രണ്ട് വ്യത്യസ്ത വിഭാഗങ്ങൾ രണ്ട് വ്യത്യസ്ത കേസുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അന്വേഷിക്കുന്നത്. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് തന്നെ മൊഴി രേഖപ്പെടുത്തലുകളിലേക്ക് കടന്നേക്കും. ആദ്യഘട്ടത്തിൽ തുറന്നുപറച്ചിലുകൾ നടത്തിയ റിനി ആൻ ജോർജ്, അവന്തിക, ഹണി ഭാസ്കരൻ എന്നിവരുടെ മൊഴിയെടുക്കും. രണ്ടു വ്യത്യസ്ത ടീമുകളായി തിരിച്ച് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് നീക്കം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള പരാതികൾ മാത്രമാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന് മുൻപിൽ ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം അന്വേഷണവുമായി മുന്നോട്ടു പോകാനാവില്ല. രാഹുലിൽ നിന്ന് മോശം അനുഭവം നേരിട്ട സ്ത്രീകൾ നിയമ നടപടികളുമായി സഹകരിക്കുക കൂടി വേണം. രാഹുലിനെതിരെ ഉചിതമായ നടപടിയെടുത്തു എന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ആവർത്തിച്ചു. എന്നാല്‍ രാഹുലിന് സോഷ്യല്‍മീഡിയയിലടക്കം പ്രതിരോധമൊരുക്കാന്‍ കോണ്‍ഗ്രസ് പാടുപെടുകയാണ്. പുറത്തുനിര്‍ത്തിയ നേതാവിനുവേണ്ടി ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് മാറുന്നത് അണികളെ പ്രകോപിപ്പിക്കുമെന്ന തിരിച്ചറിവില്‍ തങ്ങളുടേതല്ലാത്ത നേതാവിനുവേണ്ടി കോട്ടപണിയുകയാണ് കോണ്‍ഗ്രസുകാര്‍.

അതിനിടെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ടും ക്രൈംബ്രാഞ്ച് നടപടികൾ സജീവമാക്കി. രാഹുലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിൽ വ്യാപക പരിശോധന നടത്തി. രണ്ട് സംഘങ്ങളായി തിരിഞ്ഞു നടത്തിയ പരിശോധനയിൽ കെഎസ്‌യു പത്തനംതിട്ട ജില്ലാ സെക്രട്ടറി നുബിൻ ബിനുവിൻ്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്

Advertisement