കൊച്ചിയില്‍ ഗ്ലാസ് പാളികള്‍ മറിഞ്ഞു വീണ് അസം സ്വദേശി മരിച്ചു

Advertisement

കളമശേരി: ഗ്ലാസ് പാളികള്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ മറിഞ്ഞു വീണ ഗ്ലാസിനും ലോറിക്കുമിടയില്‍ പെട്ട് തൊഴിലാളി മരിച്ചു. അസം സ്വദേശി അനില്‍ പട്‌നായിക് (36) ആണ് മരിച്ചത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സമീപമുള്ള ഗ്ലാസ് വേള്‍ഡ് എന്ന ഗ്ലാസ് വര്‍ക്ക് ചെയ്യുന്ന സ്ഥാപനത്തില്‍ ചെന്നൈയില്‍ നിന്നും കൊണ്ടുവന്ന ഗ്ലാസ് ലോറിയില്‍ നിന്നിറങ്ങുന്നതിനിടെയാണ് അപകടം.

ഗ്ലാസ്സുകളുടെ അട്ടി അനിലിന്റെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ലോറിയുടെ സൈഡ് പലകള്‍ക്കും ഗ്ലാസ്സിനും ഇടയില്‍ അമര്‍ന്ന് ഞെരിഞ്ഞാണ് അപകടം. തൃക്കാക്കര, ഏലൂര്‍ നിലയങ്ങളിലെ അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ ഗ്ലാസ്സുകള്‍ പൊട്ടിച്ചുമാറ്റി ആളെ പുറത്തെടുത്ത് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

എംബാം ചെയ്ത് സ്വദേശത്തേക്ക് കൊണ്ടു പോകുന്നതിനായി മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്നു. അപകടം നടന്ന സ്ഥാപനം എന്‍ഫോഴ്‌സ്മെന്റിന്റെ ചുമതല വഹിക്കുന്ന ജില്ലാ ലേബര്‍ ഓഫീസര്‍ പി എന്‍ ബിജുമോന്‍ സന്ദര്‍ശിച്ചു. മൃതദേഹം വിമാനത്തില്‍ നാട്ടിലെത്തിക്കാനുള്ള സംവിധാനമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisement