തിരുവനന്തപുരം. സർക്കാരിൻ്റെ 108 ആംബുലൻസ് പദ്ധതിയിൽ കൂടുതൽ കൂടുതൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയോഗ്യത മറച്ചുവെച്ച് GVK EMRI എന്ന കമ്പനിക്ക് ടെൻഡർ നൽകിയെന്നാണ് ആരോപണം. കമ്പനിയുടെ അയോഗ്യത വെളിപ്പെടുത്തുന്നതും പരാതി നൽകിയതുമായ രേഖകൾ രമേശ് ചെന്നിത്തല പുറത്തുവിട്ടു.
സംസ്ഥാനത്തെ കനിവ് 108 ആംബുലൻസ് സർവീസ് പദ്ധതിയിലാണ് അഴിമതി ആരോപണം. ടെൻഡർ നേടിയ GVK EMRI എന്ന കമ്പനി രണ്ടു സംസ്ഥാനങ്ങളിൽ ശിക്ഷാനടപടി നേരിട്ടതിന്റെ രേഖകളാണ് രമേശ് ചെന്നിത്തല പുറത്ത് വിട്ടത്. ഏതെങ്കിലും സർക്കാർ വിലക്കേർപ്പെടുത്തിയാൽ ടെൻഡറിൽ പങ്കെടുക്കാൻ അയോഗ്യരാകും. സത്യവാങ്ങ്മൂലത്തിൽ കമ്പനി ഇത് മറച്ചുവച്ചു എന്നാണ് ആരോപണം. കമ്പനിയുടെ അയോഗ്യത ചൂണ്ടിക്കാട്ടി ടെൻഡറിൽ പങ്കെടുത്ത മറ്റൊരു കമ്പനി മെഡിക്കൽ സർവീസ് കോർപ്പറേഷന് പരാതി നൽകി. ഈ പരാതി സർക്കാർ പൂഴ്ത്തി. കർണാടകയിൽ ആംബുലൻസ് സർവീസ് നടത്തിപ്പിന്റെ ടെൻഡറിന് ഇതേ കമ്പനി വ്യാജ രേഖകൾ സമർപ്പിച്ചതായി തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെ അവിടെ കമ്പനിയെ രണ്ടു വർഷത്തേക്ക് ഡീ ബാർ ചെയ്തു. ഇതിൻ്റെ രേഖയാണ് രമേശ് ചെന്നിത്തല പുറത്തുവിട്ടതിൽ ഒന്ന്. പ്രവർത്തനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മേഘാലയ സർക്കാർ 2022 ഓഗസ്റ്റിൽ കമ്പനിയുടെ പ്രവർത്തനം റദ്ദാക്കിയിരുന്നു. ഇതിൻ്റെ വിശദാംശങ്ങളും രമേശ് ചെന്നിത്തല പുറത്തുവിട്ടു. ടെൻഡർ ഘട്ടത്തിൽ തന്നെ മറ്റൊരു കമ്പനി ഇത് പരാതിയായി നൽകിയിരുന്നു. മെഡിക്കൽ സർവീസ് കോർപ്പറേഷന് നൽകിയ പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ല. പരാതിയുടെ രേഖകളും പുറത്തായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 316 ആംബുലൻസുകൾ പ്രവർത്തിപ്പിക്കാൻ 517 കോടി രൂപയുടെ ഭീമമായ കരാറാണ് സർക്കാർ നൽകിയത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 335 ആംബുലൻസുകൾ പ്രവർത്തിപ്പിക്കാൻ 293 കോടി രൂപ കരാറായി നൽകി. ഇതോടെ ആദ്യ കരാറിൽ 250 കോടിയിലധികം രൂപയുടെ അഴിമതി നടന്നു എന്നാണ് ആരോപണം. ആദ്യ അഴിമതിയിൽ സർക്കാരിന് കമ്മീഷൻ ലഭിച്ചെന്നും അതിൻ്റെ ഉപകാരസ്മരണയാണ് ഇപ്പോൾ സർക്കാർ ചെയ്തതെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു.






































