സംസ്ഥാനത്ത് അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് ഉപയോഗിച്ചവര്‍ക്കെതിരേ സിവില്‍സപ്ലൈസ് വകുപ്പിന്റെ നടപടി. ഒന്നരവര്‍ഷത്തിനിടെ പിഴയീടാക്കിയത് 9.63 കോടിരൂപ. 1.31 ലക്ഷം റേഷന്‍കാര്‍ഡുടമകളെയാണ് അനര്‍ഹമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതായി കണ്ടെത്തിയത്. പിഴയീടാക്കിയതിന് പുറമേ ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റുകയുംചെയ്തു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറുടെ ഓഫീസില്‍നിന്നുള്ള വിവരാവകാശരേഖ പ്രകാരമാണ് ഈ കണക്ക്. അപേക്ഷിച്ചവര്‍ക്കെല്ലാം മുന്‍ഗണനാ റേഷന്‍കാര്‍ഡ് നല്‍കാനുള്ള നടപടി തുടങ്ങിയതിനൊപ്പമാണ് അനര്‍ഹര്‍ക്കെതിരേ പിഴചുമത്തലും നടക്കുന്നത്.
2024 ജനുവരി ഒന്നുമുതല്‍ 2025 മേയ് 31-വരെയുള്ള കണക്കുപ്രകാരമാണ് ഇത്രയും പേരെ അനര്‍ഹരെന്ന് കണ്ടെത്തിയിട്ടുള്ളത്. പരാതികളുടെ അടിസ്ഥാനത്തിലും നേരിട്ടുള്ള പരിശോധനയിലും അനര്‍ഹരെന്ന് കണ്ടെത്തിയവരും സ്വമേധയാ അനര്‍ഹരാണെന്ന് അറിയിച്ചവരുമുണ്ട്. 77,170 പേര്‍ സ്വമേധയാ ഞങ്ങള്‍ മുന്‍ഗണനയ്ക്ക് അര്‍ഹരല്ലെന്ന് അറിയിച്ച് പൊതുവിഭാഗത്തിലേക്ക് മാറി. 48,903 പേരെ പരിശോധനയിലൂടെ കണ്ടെത്തി പിഴചുമത്തിയാണ് മാറ്റിയത്.
































