2025 ആഗസ്റ്റ് 29 വെളളി
🌴കേരളീയം 🌴
🙏 സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
🙏 മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.

🙏 വയനാട് ചുരത്തിന്റെ 26 മുതല്‍ ഇതുവരെയുള്ള കാര്യങ്ങളില്‍ കൃത്യമായി അവലോകനം നടത്തിയെന്നും തുടര്‍ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും മന്ത്രി കെ രാജന്‍. 80 അടി ഉയരത്തിലാണ് പൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്നും ഇത് വളരെ ഗുരുതരമായ കാര്യമാണെന്നും കര്‍ശന നിയന്ത്രണം യാത്രക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
🙏 തന്റെ എംപി സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ വന്ന ഹര്‍ജി അഭിഭാഷകന്റെ തമാശ ആയി തോന്നുന്നില്ലെന്ന് സി സദാനന്ദന്‍ എംപി. ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും ഭരണഘടന പദവികള്‍ വ്യവഹാരത്തില്‍ എത്തിക്കുന്നത് ശരിയല്ലെന്നും ഭരണഘടനയോടുള്ള വെല്ലുവിളി ആണിതെന്നും സി സദാനന്ദന്‍ എംപി പറഞ്ഞു.

🙏 ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിനെതിരായ പീഡനാരോപണത്തില്‍ പ്രതികരണവുമായി പരാതിക്കാരി. നൂറുക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍വെച്ചാണ് തന്നെ മര്‍ദിച്ചതെന്നും സ്ത്രീസുരക്ഷയെ കുറിച്ച് പറയാന്‍ സി കൃഷ്ണകുമാറിന് എന്ത് യോഗ്യതയാണുള്ളതെന്നും അവര്‍ ചോദിച്ചു.
🙏 ആത്മീയതയും മാനുഷിക മൂല്യങ്ങളും സമൂഹത്തില്‍ പ്രചരിപ്പിച്ച മഹാപ്രതിഭയുടെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന വേളയാണിതെന്നും മതാതീതമായ ആത്മീയത ഇന്നത്തെ കാലഘട്ടത്തിലും ഏറെ പ്രാധാന്യമുള്ള സന്ദേശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ജന്മദിനാഘോഷമായ നവപൂജിതം ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🙏 കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ കെആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ ഹ്രസ്വചിത്രം മികച്ച ക്യാമ്പസ് ഫിക്ഷന്‍ പുരസ്‌കാരം നേടി.

🙏 വൈറ്റില ജങ്ഷനില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് മര്‍ദനം. കെഎസ്ആര്‍ടിസി ഡ്രൈവറെ ഇടിവള കൊണ്ട് ലോറി ഡ്രൈവര്‍ മര്‍ദിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റിന്റോയ്ക്കാണ് മര്‍ദനമേറ്റത്. പാഴ്സല്‍ ലോറി ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷിഹാസ് ഉമ്മറിനെ കസ്റ്റഡിയിലെടുത്തു.
🙏 മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിപുത്രിയെയും ഭര്‍ത്താവിനെയും വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂരിലെ അലവില്‍ സ്വദേശികളായ പ്രേമരാജന്‍, ഭാര്യ ശ്രീലേഖ എന്നിവരാണ് മരിച്ചത്. കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.
🙏 കനല്‍’ എന്ന പേരില്‍ യുട്യൂബ് ചാനലുമായി സിപിഐ. മുഖ്യധാര മാധ്യമങ്ങളില്‍ സിപിഐക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനാലാണ് യു ട്യൂബ് ചാനലുമായി സിപിഐ മുന്നോട്ട് പോവുന്നത്. ‘കനല്‍’ എന്നാണ് സിപിഐയുടെ ചാനലിന്റെ പേര്. അതേസമയം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സിപിഐ യൂട്യൂബ് ചാനലുമായി സഹകരിക്കുമെന്നാണ് വിവരം.

🙏 ഫിഷറീസ് ഉദ്യോഗസ്ഥരുടെ കടുംപിടുത്തം കാരണം ഫോര്‍ട്ടു കൊച്ചി – വൈപ്പിന്‍ റോ റോ സര്‍വീസ് കുറച്ച് സമയം നിര്‍ത്തിവെച്ചു. ലൈസന്‍സ് പുതുക്കുവന്‍ ഒരു ദിവസം വൈകിയതിന്റെ പേരില്‍ ജപമാല എന്ന വള്ളം പിടിച്ചെടുത്ത് 2.50 ലക്ഷം രൂ പിഴയിട്ടതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ അഴിമുഖത്ത് ബോട്ടുകള്‍ കൂട്ടി കെട്ടിയിട്ട് പ്രതിഷേധിച്ചു.
🇳🇪 ദേശീയം 🇳🇪
🙏 ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. സംസ്ഥാനത്തെ 27 ക്ഷേത്രങ്ങളില്‍ മിച്ചമുള്ള പണം ഉപയോഗിച്ച് കല്യാണമണ്ഡപങ്ങള്‍ പണിയാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ബെഞ്ചിന്റെ വിധി.

🙏 കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു പിന്നാലെ, ടിവികെ നേതാവ് വിജയ് പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വോട്ടുകൊള്ളയ്‌ക്കെതിരേ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് വിജയ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

🙏 ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആര്‍എസ്എസ് അല്ലെന്നു സര്‍ സംഘചാലക് മോഹന്‍ ഭാഗവത്. ബിജെപിയുടെ വിഷയങ്ങളില്‍ ആര്‍എസ്എസ് ഇടപെടാറില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. തങ്ങളാണ് തീരുമാനം എടുക്കുന്നതെങ്കില്‍ ബിജെപി അധ്യക്ഷനെ തീരുമാനിക്കാന്‍ ഇത്ര വൈകുമോ എന്നും മോഹന്‍ ഭാഗവത് ചോദിച്ചു.
🙏 ഓരോ ഇന്ത്യന്‍ ദമ്പതിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ജനസംഖ്യാപരമായ മാറ്റത്തെയും ജനസംഖ്യാ നിയന്ത്രണത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.

🙏 രാജ്യത്തെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളായി കോഹിമ, വിശാഖപട്ടണം, ഭുവനേശ്വര്‍, ഐസ്വാള്‍, ഗാങ്ടോക്ക്, ഇറ്റാനഗര്‍, മുംബൈ എന്നിവയെ തിരഞ്ഞെടുത്തതായി നാഷണല്‍ ആന്വല്‍ റിപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഡക്സ് ഓണ്‍ വിമന്‍സ് സേഫ്റ്റി. അതേസമയം, പട്ന, ജയ്പൂര്‍, ഫരീദാബാദ്, ദില്ലി, കൊല്‍ക്കത്ത, ശ്രീനഗര്‍, റാഞ്ചി എന്നീ നഗരങ്ങള്‍ സുരക്ഷാ സൂചികയില്‍ ഏറ്റവും പിന്നിലാണ്.
🇦🇺 അന്തർദേശീയം 🇦🇺
🙏 കാനഡയിലെ ഇന്ത്യയുടെ സ്ഥാനപതിയായി ദിനേഷ് കെ പട്നായികിനെ നിയമിച്ചു. 1990 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ദിനേഷ് നിലവില്‍ സ്പെയിനിലെ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ്. കാനഡയുമായുള്ള ബന്ധം മോശമായതിന്റെ പശ്ചാത്തലത്തില്‍ 2024 ഒക്ടോബറില്‍ സ്ഥാനപതിയെ പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

🙏 നേപ്പാളിലെ കാഠ്മണ്ഡു വഴി മൂന്ന് പാകിസ്ഥാന്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബിഹാറില്‍ അതീവ ജാഗ്രത. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളാണ് ഭീകരരെന്നും ഓഗസ്റ്റ് 15 ന് അരാരിയ വഴി ബിഹാറില്‍ പ്രവേശിച്ചുവെന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ പറയുന്നു.
🙏 മെക്സിക്കോ പാര്‍ലമെന്റില്‍ എംപിമാര്‍ തമ്മിലടിച്ചു. സെനറ്റില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാവ് അലജാന്‍ഡ്രോ അലിറ്റോ മൊറീനോ സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡോ ഫെര്‍ണാണ്ടസ് നൊറോണയെ ശാരീരികമായി ആക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് എംപിമാര്‍ തമ്മില്‍ കൂട്ടയടിയായി.

🙏 അമേരിക്കയിലെ ടെക്സസിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി വാലന്റീന ഗോമസ് ഖുര്‍ആന്‍ കത്തിച്ച് വിദ്വേഷ പരാമര്‍ശം നടത്തി. ടെക്സസില്‍ നിന്ന് ഇസ്ലാമിനെ ഇല്ലാതാക്കുമെന്നാണ് പറഞ്ഞത്. ടെക്സസിലെ 31-ാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റ് സീറ്റിലേക്ക് മത്സരിക്കുന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാണ് വാലന്റീന ഗോമസ്.
🙏 എഫ്-35 വിമാനം പരിശീലന പറക്കലിനിടെ താഴെ വീണ് തീഗോളമാകും മുന്‍പ് പ്രശ്നം പരിഹരിക്കാന്‍ പൈലറ്റ് എഞ്ചിനീയര്‍മാരുമായി ഫോണില്‍ സംസാരിച്ചത് 50 മിനിറ്റ്. 1750 കോടി രൂപ വിലയുള്ള വിമാനം അലാസ്‌കയിലെ എയര്‍ബേസിലെ റണ്‍വേയില്‍ പതിക്കുന്നതിന് മുന്‍പാണ് പൈലറ്റ് എഞ്ചിനീയര്‍മാരുടെ നിര്‍ദേശം തേടിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

🙏 റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം നിയന്ത്രിക്കാത്തപക്ഷം ശിക്ഷാപരമായ തീരുവ നിലപാട് യുഎസ് മയപ്പെടുത്തില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കെവിന്‍ ഹാസെറ്റ്.






































