ആലപ്പുഴ: ശനിയാഴ്ച രാവിലെ എട്ടുമണിമുതൽ നഗരത്തിൽ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രാവിലെ ആറുമണിമുതൽ നഗരത്തിലെ ഒരു റോഡിലും പാർക്കിങ് അനുവദിക്കില്ല. അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.
വള്ളംകളി കാണാൻ ആലപ്പുഴ തണ്ണീർമുക്കം റോഡിലൂടെ വടക്കുഭാഗത്തുനിന്നു വാഹനങ്ങളിൽ വരുന്നവരും എറണാകുളം ഭാഗത്തുനിന്ന് നാഷണൽ ഹൈവേയിലൂടെ വരുന്നവരും കൊമ്മാടി, ശവക്കോട്ടപ്പാലം, കോൺവെന്റ് സ്ക്വയർ വഴി സഞ്ചരിച്ച് ആലപ്പുഴ ബീച്ച്, പോലീസ് പരേഡ് ഗ്രൗണ്ട്, കനാൽ തീരത്തുള്ള റോഡുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കൈതവന ജങ്ഷനിലൂടെ വരുന്ന വാഹനങ്ങൾ പഴവീട് സ്കൂൾ ഗ്രൗണ്ട്, കാർമൽ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
ദേശീയപാതയിൽ കൊല്ലം, കായംകുളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കളർകോട് ചിന്മയ സ്കൂൾ ഗ്രൗണ്ടിലും ചിന്മയ സ്കൂളിനു മുൻവശം ദേശീയപാതയിലെ സൗകര്യപ്രദമായ സ്ഥലത്തും എസ്ഡി കോളേജ് ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.
കളർകോട് ഭാഗത്തും പഴവീട് ഭാഗത്തും വാഹനം പാർക്ക് ചെയ്യുന്നവർക്ക് കളർകോട് ബൈപ്പാസിൽനിന്ന് കൈതവന, പഴവീട് വഴി ബസ് സ്റ്റാൻഡിലേക്ക് കെഎസ്ആർടിസി ഫീഡർ സർവീസ് നടത്തുന്നതാണ്.
ബീച്ച് ഭാഗത്തും പോലീസ് പരേഡ് ഗ്രൗണ്ടിലും വാഹനം പാർക്ക് ചെയ്യുന്നവർക്കും ബസ്സ്റ്റാൻഡിലേക്ക് കെഎസ്ആർടിസി ഫീഡർ സർവീസ് നടത്തുന്നതാണ്.
ശനിയാഴ്ച രാവിലെ ഒൻപതുമുതൽ രാത്രി എട്ടുവരെ ഹെവി കണ്ടെയ്നർ/ട്രെയിലർ വാഹനങ്ങൾ ടൗണിൽ പ്രവേശിക്കാൻ പാടില്ല.
തെക്കുഭാഗത്തുനിന്നു വരുന്ന ഹെവി കണ്ടെയ്നർ/ട്രെയിലർ വാഹനങ്ങൾ കളർകോട് ബൈപ്പാസിലും വടക്കുഭാഗത്തുനിന്നു വരുന്നവ കൊമ്മാടി ബൈപ്പാസിലും പാർക്ക് ചെയ്യേണ്ടതാണ്.
































