കരുനാഗപ്പള്ളി. യാത്രക്കാരുടെയും ജനങ്ങളുടെയും പ്രതിഷേധത്തിന് ആശ്വാസം പകര്‍ന്ന്
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തികൾക്കായി ആറു കോടിയോളം രൂപ റെയിൽവേ അനുവദിച്ചതായി കെ സി വേണുഗോപാല്‍ എംപി അറിയിച്ചു
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ വികസനത്തിനു വേണ്ടിയുള്ള നമ്മുടെ ദീർഘകാലത്തെ പരിശ്രമങ്ങൾക്ക് ഭാഗികമായി എങ്കിലും ഫലം കാണുന്നുവെന്ന ആശ്വാസകരമായ വാർത്ത പങ്കുവയ്ക്കുന്നു. നിരവധി തവണ കേന്ദ്ര റെയിൽവേ മന്ത്രിക്കു മുന്നിലും റെയിൽവേ ബോർഡിലും കരുനാഗപ്പള്ളി സ്റ്റേഷന്റെ വികസന ആവശ്യങ്ങൾ അക്കമിട്ടു നിരത്തി ചർച്ചകൾ നടത്തുകയും കരുനാഗപ്പള്ളിയിലെ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങൾ മുൻനിർത്തി പരിശ്രമങ്ങൾ തുടർന്നു വരികയുമായിരുന്നു വെന്നും എംപി പറയുന്നു.
ഇതിന്റെ തുടർച്ചയായി ദക്ഷിണ റെയിൽവേ മാനേജർ മൂന്നുമാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലും കരുനാഗപ്പള്ളിയോടുള്ള അവഗണന ചൂണ്ടിക്കാണിക്കുകയും അടിയന്തര പരിഹാരം തേടുകയും ചെയ്തിരുന്നതിന്റെ കൂടി ഫലമായി സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തികൾക്കായി ആറു കോടിയോളം രൂപ റെയിൽവേ അനുവദിച്ച് ഉത്തരവിട്ടിട്ടുണ്ട്.
കരുനാഗപ്പള്ളി സ്റ്റേഷന്റെ സമഗ്ര നവീകരണത്തിന് ഈ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വഴി തുടക്കമിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെയും പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികളുടെയും ദീർഘകാല ആവശ്യമായിരുന്ന പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടി കോൺക്രീറ്റ് ചെയ്ത് ടൈൽ പാകുന്നതടക്കമുള്ള നവീകരണം, പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ നീളം കൂട്ടുക, അംഗപരിമിതർക്കായുള്ള സൗകര്യങ്ങൾ, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ശൗചാലയങ്ങൾ, കാത്തിരിപ്പു മുറികൾ, കുടിവെള്ള സൗകര്യം, സ്റ്റേഷൻ കെട്ടിടങ്ങളുടെ നവീകരണം,
യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾ, സർക്കുലേറ്റിങ് ഏരിയ വിസ്തൃതി കൂട്ടി നവീകരിക്കുക , ലൈറ്റിങ് വർദ്ധിപ്പിക്കുന്നതടക്കമുള്ള ഇലക്ട്രിഫിക്കേഷൻ സംബന്ധമായ പ്രവർത്തികളുമടക്കം വിപുലമായ നിർമ്മാണ-നവീകരണ പ്രവർത്തനങ്ങൾക്കാണ് പ്രധാനമായും ഫണ്ട് വിനിയോഗിക്കുക.
അനുവദിച്ചിരിക്കുന്ന തുകയുടെ വിനിയോഗം സംബന്ധിച്ച വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി തുടങ്ങി. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ വികസനം സംബന്ധിച്ച് നേരത്തെ മുതൽ ഉന്നയിച്ചു വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിന് നിരന്തരമായ ഇടപെടലുകൾ ഇനിയും ഉണ്ടാകും. പാർക്കിംഗ് ഏരിയയുടെയും അപ്പ്രോച്ച് റോഡിന്റെയും നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നു. സ്റ്റേഷന്റെ വടക്കുഭാഗത്തായുള്ള ഇടക്കുളങ്ങര -പുള്ളിമാൻ ജംഗ്ഷൻ ലെവൽ ക്രോസിൽ അടിപ്പാത നിർമ്മിക്കുന്നതിന് റെയിൽവേ നേരത്തെ തുക അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രധാന വികസന പദ്ധതികൾക്കായി ഇപ്പോൾ ആറു കോടിയോളം രൂപ അനുവദിച്ചിരിക്കുന്നത്. വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പിന്നാലെ രണ്ടര മാസത്തിനുള്ളിൽ ടെൻഡർ നടപടികൾ ആരംഭിക്കും.






































