കോട്ടയത്ത് വീട് കുത്തിത്തുറന്ന് അമ്പതു പവൻ കവർന്ന പ്രതിയെ ഗുജറാത്തിൽ നിന്ന് പിടികൂടി. കോട്ടയം മാങ്ങാനത്ത് കഴിഞ്ഞ ഒൻപതിനായിരുന്നു മോഷണം. മധ്യപ്രദേശുകാരനായ ഗുരു സജ്ജനെ ഗുജറാത്തിൽ നിന്നാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. മാങ്ങാനത്തെ വില്ലയിലും, വെൽനസ് ക്ലിനിക്കിലും മോഷണം നടത്തിയ മുഖ്യപ്രതിയാണ് ഗുരു സജ്ജൻ .
വീടിന്‍റെ വാതിൽ പൊളിച്ച് അകത്ത് കയറിയ പ്രതി 36 ലക്ഷം രൂപയുടെ അമ്പതു പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. മാങ്ങാനം ചെമ്പകശ്ശേരിപടി ഭാഗത്തുള്ള ആയു ഷ്മന്ത്ര വെൽനസ്സ് ക്ലിനിക്കിൽ നിന്ന് ആയിരം രൂപയും മോഷ്ടിച്ചിരുന്നു. മധ്യപ്രദേശിലെ ഗാന്ധ്വാനി ജെംദാ ഗ്രാമത്തിലാന്ന് ഗുരു സജ്ജന്‍റെ വീട്. കോട്ടയത്തെ മോഷണത്തിനു ശേഷം പ്രതി ഗുജറാത്തിലേക്കാണ് പോയത്. ഗുജറാത്തിലെ ഒരു കമ്പനിയിൽ ഇയാൾ ജോലി ചെയ്യുകയായിരുന്നു. 2016 ൽ കർണാടകയിൽ സ്വർണം മോഷ്ടിച്ച കേസിലും ട്രഷറി ആക്രമിച്ച് പിസ്റ്റൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ മോഷ്ടിച്ച കേസിലും ഗുരു പിടിയിലായതാണ്.
രണ്ടുവർഷം മുമ്പ് ആലപ്പുഴയിൽ മോഷണം നടത്തി. ഈ മാസം തൃശ്ശൂരിലും മോഷണം നടത്തിയെന്ന് പ്രതി വെളിപ്പെടുത്തി. ഗുരുവിന്റെ കൂട്ടാളികൾക്കായി അന്വേഷണം തുടരുകയാണ്.
































