കൊച്ചി.ലൈസൻസ് പുതുക്കാത്ത വള്ളത്തിന് രണ്ടര ലക്ഷം രൂപ പിഴയിട്ട സംഭവത്തിൽ കായലിൽ വള്ളം നിരത്തി പ്രതിഷേധിച്ച് ഉൾനാടൻ മത്സ്യതൊഴിലാളികൾ. ജപമാല എന്ന വള്ളത്തിനാണ് ഫിഷറീസ് വകുപ്പ് പിഴ ചുമത്തിയത്. മത്സ്യതൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് വൈപ്പിനിൽ നിന്ന് ഫോർട്ട്കൊച്ചിയിലേക്കുള്ള ജങ്കാർ സർവ്വീസും തടസപ്പെട്ടു. വള്ളം വിറ്റാലും ഇത്രയും തുക പിഴ അടക്കാൻ കണ്ടെത്താനാകില്ല എന്നാണ് തൊഴിലാളികൾ പറയുന്നത്.
ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ വലിയ പ്രതിഷേധമാണ് മത്സ്യതൊഴിലാളികൾ കായലിൽ തീർത്തത്. വള്ളങ്ങൾ നിരത്തിയായിരുന്നു പ്രതിഷേധം. ജപമാല എന്ന വള്ളം ലൈസൻസ് കാലാവധി അവസാനിച്ച ശേഷവും പുതുക്കിയില്ല എന്ന് ആരോപിച്ച് രണ്ടര ലക്ഷം രൂപ പിഴ ചുമത്തി. വള്ളം വിറ്റാലും പിഴ അടക്കാനുള്ള തുക ലഭിക്കില്ല എന്നാണ് തൊഴിലാളികൾ പറയുന്നത്. ഇതോടെയാണ് പ്രശ്നപരിഹാരം തേടി നൂറിലധികം വള്ളങ്ങളുമായി തൊഴിലാളികൾ കായലിൽ ഇറങ്ങിയത്. വള്ളങ്ങൾ നിരത്തി പ്രതിഷേധം ആരംഭിച്ചതോടെ വൈപ്പിനിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്കുള്ള ജങ്കാർ സർവ്വീസും തടസപ്പെട്ടു. ടൂറിസ്റ്റ് ബോട്ടുകൾക്കും കായലിൽ സർവ്വീസ് നടത്താൻ സാധിച്ചില്ല. പ്രശ്നത്തിന് പരിഹാരം ഇല്ലെങ്കിൽ കരയിലൂടെ എത്തി ഫിഷറീസ് ഓഫീസ് ഉപരോധിക്കും എന്നും തൊഴിലാളികൾ പറഞ്ഞു






































